നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, അത് അത്ര വേഗം കിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണെന്നും അത് അത്ര വേഗത്തിൽ കിട്ടുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആർഎൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിനീഷിനും മുഖ്യമന്ത്രിയുടെ മകൾക്കും രണ്ട് നീതിയാണോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിനീഷിന്റെ കാര്യത്തിൽ കൊടിയേരിയെ പറ്റി പരാമർശമുണ്ടായിരുന്നില്ല. അത് തന്നെയാണ് പ്രശ്നം. നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണെന്നും അത് അത്ര വേഗം കിട്ടുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിൽതന്നെ ഉദ്ദേശം വ്യക്തമാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇവിടെ ചോദ്യം തുടങ്ങിയത് തന്നെ എൻ്റെ മകൾ എന്ന പേരിലാണ്. അതിന്റെ ലക്ഷ്യം പാർടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ എന്റെ മകളെന്നു പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്നു പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളിൽ കൂടുതൽ പറയുന്നില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങൾ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയിലുള്ള കാര്യമാണ്, കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങിക്കൊള്ളും. നിങ്ങൾ അതാലോചിച്ച് വല്ലാതെ ബേജാറാകണ്ട. അദ്ദേഹം പറഞ്ഞു.
കരിമണൽ വിഷയവുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ശുദ്ധ അസംബന്ധമാണ്. അതിൽ എന്തെങ്കിലും തെളിവുണ്ടോ. അസംബന്ധം പറയുന്നതിനായി വാർത്താ സമ്മേളനത്തെ ഉപയോഗിക്കരുത്. ഞാൻ പറഞ്ഞ ഒട്ടെറെ കാര്യങ്ങളുണ്ട്, ഇൗ നാടിനെ കുറിച്ചുള്ള കാര്യങ്ങളുണ്ട്.അതിനെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ല.എന്റെ രാജി നിങ്ങൾ മോഹിച്ച് നിന്നോളു. കേന്ദ്ര ഏജൻസികളെ പറ്റി നല്ല ധാരണയാണ് മാധ്യമങ്ങൾക്കുള്ളത്. ആ ധാരണയും വച്ച് നടക്കു. കോടതിയിൽ കാര്യങ്ങൾ നടക്കട്ടെ– പിണറായി വിജയൻ പറഞ്ഞു









0 comments