യാത്രയ്ക്കിടെ ജഗതിയെ കണ്ട് മുഖ്യമന്ത്രി; ചിത്രം പങ്കുവച്ചു

കൊച്ചി : യാത്രയ്ക്കിടയിൽ മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയ വിശേഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്. ജഗതി ശ്രീകുമാറിന്റെ അടുത്തേക്കുചെന്ന് സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു - മുഖ്യമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചു.
2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് സിനിമ വിട്ടത്. ഈ വർഷം വീണ്ടും ഒരു ചിത്രത്തിലൂടെ ജഗതി തിരിച്ചുവരവിനൊരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ. ജഗതിയുടെ പിറന്നാൾ ദിവസം ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരുന്നത്. ഗഗനചാരി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.









0 comments