ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണ്: ഒപ്പമുള്ളവൻ ശത്രുവാണെന്ന ബോധം വളർത്തുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണെന്നും കുട്ടികളിൽ ഡിജിറ്റൽ അഡിക്ഷൻ കൂടുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
'നമ്മുടെ ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണിന്ന്. ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതു കമ്പോള വ്യവസ്ഥയും അതിലെ അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും അവരെ അസ്വസ്ഥതപ്പെടുത്തുന്ന പല ഘടകങ്ങളിലൊന്നാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. എൻട്രൻസിനു മത്സരം, ഇന്റർവ്യൂവിനു മത്സരം, തൊഴിൽ കിട്ടാൻ മത്സരം, തൊഴിലിൽ പിടിച്ചുനിൽക്കാൻ മത്സരം, സഹോദരങ്ങൾ തമ്മിൽ മത്സരം. ഈ മത്സരത്തിന്റെ അന്തരീക്ഷം ഒപ്പമുള്ളവനെ തോല്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത കുട്ടികളിൽ വളർത്തുന്നുണ്ട്. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധം വളർത്തുന്നു.
ഇതേപോലെ, ബാല്യത്തിൽ തന്നെ ഉണ്ടാവുന്ന ഒറ്റപ്പെടലുകളുണ്ട്. കുട്ടികൾക്കു മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്‌നേഹമുണ്ടാവാത്ത അവസ്ഥ. വീട്ടിലെ മുറി എന്ന പെട്ടിയിൽ നിന്ന് സ്‌കൂൾ ബസ് എന്ന പെട്ടിയിലേക്കും അതിൽ നിന്നു ക്ലാസ്മുറി എന്ന പെട്ടിയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന ബാല്യം. പഠിപ്പിനപ്പുറത്ത് ഒന്നിലേക്കും തുറക്കാത്ത അടഞ്ഞ മനസ്സ്. പഠിപ്പ് പഠിപ്പ് എന്ന് മാത്രം'- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടിയിൽ നിന്ന്
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആക്രമണോത്സുകത തീർച്ചയായും അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണ്. സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ ഇത്തരം അക്രമസംഭവങ്ങൾ സമൂഹമാകെ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതും ഇക്കാര്യം ദേശീയവും അന്തർദേശീയവുമായ മാനങ്ങളുള്ളതുമാണ്.
സംസ്ഥാനത്ത് ഈയിടെ ഉണ്ടായ ദൗർഭാഗ്യകരമായ നാല് സംഭവങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ ഒറ്റപ്പെട്ട് പരിശോധിക്കേണ്ട ഏകമുഖമായ ഒരു കാര്യമല്ല. പലമുഖങ്ങളും പല തലങ്ങളുമുള്ള വിഷയമാണിത്. ഈ ചർച്ചയോടെ അവസാനിപ്പിക്കേണ്ട ഒരു വിഷയമായി സർക്കാർ കാണുന്നുമില്ല. അതീവ ഗുരുതരമായ ഒരു വിഷയമായാണ് സർക്കാർ ഇതിനെ കാണുന്നത്. പൊതുസമൂഹത്തിന്റെ വികാരം പൂർണ്ണമായും സർക്കാർ കണക്കിലെടുക്കുകയാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള എല്ലാ നിയമനടപടികളും സർക്കാർ കൈക്കൊള്ളും. കേവലമായ ഒരു ക്രമസമാധാന കാര്യമല്ല ഇത്. അതിനപ്പുറം വലിയ സാമൂഹിക മാനങ്ങളുള്ള അതിഗൗരവതരമായ വിഷയമാണിത്. ഇതിനെ ഏതെങ്കിലും തരത്തിൽ വ്യക്തിനിഷ്ഠമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ചുരുക്കിക്കണ്ടുകൂട.
കുട്ടികളിലെ ആക്രമോത്സുകത ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. 1999 ലാണ് അമേരിക്കയിലെ കൊളറാഡോയിലുള്ള കൊളംബിയാ ഹെസ്‌കൂളിൽ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പന്ത്രണ്ടു സഹപാഠികളെയും ഒരു ടീച്ചറെയും വെടിവെച്ചു കൊന്നത്. 21 കുട്ടികൾക്കാണു ഗുരുതരമായി അന്നു പരിക്കേറ്റത്. ഏതാണ്ട് അതുമുതൽക്കിങ്ങോട്ട് ഈ സ്വഭാവത്തിലുള്ള ആക്രമണങ്ങളും ഇതിനെ നേരിടേണ്ടതെങ്ങനെ എന്ന നിലയ്ക്കുള്ള ചർച്ചകളും ലോകവ്യാപകമായിത്തന്നെ നടക്കുന്നു.
2007 ഏപ്രിലിലാണ് വെർജീനിയയിലെ ബ്‌ളക്‌സ്ബറിയിലും സമാന സംഭവമുണ്ടായത്. പിന്നീട്, ന്യൂടൗൺ, ടെക്‌സാസ്, ഫോറിഡ, റെഡ്‌ലേക് തുടങ്ങിയ പല സ്ഥലങ്ങളിലായി കുട്ടികൾ കുട്ടികളെ കൊല്ലുന്ന സംഭവങ്ങളുണ്ടായി. ചിലയിടത്തു മുതിർന്ന ഒന്നു രണ്ടുപേർ വന്നു വെടിവെച്ച സംഭവമുണ്ടായെങ്കിലും പല സ്‌കൂളുകളിലും വിദ്യാർത്ഥികൾ തന്നെയാണ് കഠാരയും തോക്കും ഉപയോഗിച്ച് സഹപാഠികളെ കൊന്നൊടുക്കിയത്. മേൽപ്പറഞ്ഞ ഓരോ ഇടത്തും 28 ഉം 22 ഉം 17 ഉം ഒക്കെ കുട്ടികളാണു പിടഞ്ഞു വീണ് മരിച്ചത്.
ഇത്തരം തുടർപരമ്പരകളുണ്ടായപ്പോഴാണ് ലോകം ആകെ ഈ പ്രശ്‌നത്തിലേക്ക് ഉണർന്നത്. ലോകമാകെ ഇതു ചർച്ചയ്‌ക്കെടുത്തത്. ഏതാണ്ട് ഒരു ആഗോള പ്രതിഭാസമായി കുട്ടികളുടെ അക്രമവാസന പടരുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ പോലും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നു എന്നതു കേരളത്തിൽ ഇതുണ്ടാവുന്നതിനുള്ള ന്യായീകരണമല്ല. എന്നാൽ ഒന്നുണ്ട്, കേരളം ഈ ലോകത്തിന്റെ ഭാഗമാണ്.
നമുക്ക് സവിശേഷമായ ഒരു സംസ്‌കാരമുണ്ട്. ജീവിതസാഹചര്യവുമുണ്ട്. അതിനു നിരക്കുന്നതല്ലാത്തതൊന്നും ഇവിടെ സംഭവിച്ചുകൂടാ. നമ്മുടെ ഇളംതലമുറ വല്ലാതെ അസ്വസ്ഥമാണിന്ന്. ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതു കമ്പോള വ്യവസ്ഥയും അതിലെ അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും അവരെ അസ്വസ്ഥതപ്പെടുത്തുന്ന പല ഘടകങ്ങളിലൊന്നാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. എൻട്രൻസിനു മത്സരം, ഇന്റർവ്യൂവിനു മത്സരം, തൊഴിൽ കിട്ടാൻ മത്സരം, തൊഴിലിൽ പിടിച്ചുനിൽക്കാൻ മത്സരം, സഹോദരങ്ങൾ തമ്മിൽ മത്സരം. ഈ മത്സരത്തിന്റെ അന്തരീക്ഷം ഒപ്പമുള്ളവനെ തോല്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത കുട്ടികളിൽ വളർത്തുന്നുണ്ട്. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധം വളർത്തുന്നു. ആഗോളവത്ക്കരണ സമ്പൽഘടനയും അതുണ്ടാക്കുന്ന കമ്പോള മത്സരങ്ങളും യുവമനസ്സുകളിൽ ഒപ്പമുള്ളവർ ശത്രുക്കൾ എന്ന ചിന്ത വളർത്തുകയാണ്. ഇത്തരം സാമ്പത്തിക നയകാരണങ്ങൾ വരെയുണ്ട് പുതിയ തലമുറയുടെ മനസ്സിന്റെ അസ്വസ്ഥതക്കു പിന്നിൽ. അജ്ഞാതനായ ശത്രുവിനോടു പക വീട്ടാനുള്ള ഒരവസരവും കളയരുതെന്നും ആ ശത്രു കൂടെയുള്ളവർ തന്നെയാവാമെന്നുമുള്ള ഒരു ചിന്തയിലേക്ക് ഇവരുടെ അരക്ഷിതബോധം വളരുന്നുണ്ടോ എന്നത് ആലോചിക്കണം.
ഇതേപോലെ, ബാല്യത്തിൽ തന്നെ ഉണ്ടാവുന്ന ഒറ്റപ്പെടലുകളുണ്ട്. കുട്ടികൾക്കു മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്‌നേഹമുണ്ടാവാത്ത അവസ്ഥ. വീട്ടിലെ മുറി എന്ന പെട്ടിയിൽ നിന്ന് സ്‌കൂൾ ബസ് എന്ന പെട്ടിയിലേക്കും അതിൽ നിന്നു ക്ലാസ്മുറി എന്ന പെട്ടിയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന ബാല്യം. പഠിപ്പിനപ്പുറത്ത് ഒന്നിലേക്കും തുറക്കാത്ത അടഞ്ഞ മനസ്സ്. പഠിപ്പ് പഠിപ്പ് എന്ന് മാത്രം.
വൈകി വീട്ടിൽ വന്നാലോ, ആ കുഞ്ഞുങ്ങളുടെ സന്തോഷമോ സങ്കടമോ പങ്കിടാൻ ആരുമില്ല എന്ന തോന്നലിലാവുന്നു അവർ. ചില കുടുംബങ്ങളിൽ അച്ഛനമ്മമാർക്കു പരസ്പരം സംസാരിക്കാൻ സമയമില്ല. ഓരോരുത്തരും അവരുടെ സ്വകാര്യ ലോകങ്ങളിൽ. അതല്ലെങ്കിൽ ടി വി സീരിയലിൽ. കുട്ടിക്ക് ആകെ അനാഥാവസ്ഥ. അവൻ അവന്റെ ഒരു ഡിജിറ്റൽ ലോകത്തേക്ക് ഒതുങ്ങുന്നു. പതിയെ അത് ഡിജിറ്റൽ അഡിക് ഷൻ ആവുന്നു. അതിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നവർ അച്ഛനാവട്ടെ, അമ്മയാവട്ടെ, കൂട്ടുകാരാവട്ടെ, അവന്റെ ശത്രുക്കളാവുന്നു. ഈ ഡിജിറ്റൽ അഡിക് ഷൻ പ്രധാനമാണ്.
മറ്റൊന്നു സീരിയലുകളും ചലച്ചിത്രങ്ങളും ഉളവാക്കുന്ന ദുസ്വാധീനങ്ങളാണ്. വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയാണവിടെ. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഒരു സെൻസർ ബോർഡ് തയ്യാറാവുന്നുണ്ടോ. ഏറ്റവും കൂടുതൽ അക്രമവും കൊലയും നടത്തുന്നവൻ ഹീറോ ആവുന്ന അവസ്ഥ. ഈ ഹീറോവർഷിപ്പ് എല്ലാവരെയും തല്ലി ഒതുക്കുന്നതിലാണു തന്റെ മഹത്വം എന്നു ചിന്തിക്കുന്ന രീതിയിലേക്കു കുട്ടിയെ നയിക്കുന്നു.
ഞാൻ പറഞ്ഞുവരുന്നത്, കുട്ടികളിലെ മാനസിക അസ്വസ്ഥതകൾക്കു പല കാരണങ്ങളുണ്ട് എന്നതാണ്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധങ്ങളിൽ വന്ന മാറ്റങ്ങൾ. രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങൾ, ധൂർത്ത ജീവിത രീതികളോടുള്ള ആസക്തി, സന്തോഷം എവിടെയുണ്ടോ, അതൊക്കെ സ്വന്തമാക്കാനുള്ള വ്യഗ്രത, തുടങ്ങി കാരണങ്ങൾ പലതുണ്ട്. എല്ലാം പിടിച്ചടക്കണമെന്ന ചിന്തയാണിന്ന്.
നമ്മുടെ പഠനം ജീവിതത്തിൽ ഭൗതിക നേട്ടങ്ങളുണ്ടാക്കുക എന്നതിനു മാത്രമുള്ളതായി മാറുന്നുണ്ടോ? നല്ല മനുഷ്യരാവുക എന്നതു പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതുണ്ട്. ജീവിത മൂല്യസത്തകൾ പകരുന്ന കവിതകളും കഥകളും സാഹിത്യകൃതികളും സിലബസിന്റെ ഭാഗമാകേണ്ടതുണ്ട്. സ്‌കിൽഡ് തൊഴിലാളിയെ അല്ലാതെ സ്‌കിൽഡ് മനുഷ്യനെക്കൂടി സൃഷ്ടിക്കാനാവണം. പണ്ട് സ്‌കൂളുകളിൽ 'നല്ല ശമരിയാക്കാരന്റെ കഥ' പോലുള്ളവ പഠിക്കണമായിരുന്നു. 'കൊല്ലുന്നതുമെങ്ങനെ ജീവികളെ' എന്ന ശ്രീനാരായണ ഗുരുവിന്റെ കാവ്യശകലം പഠിക്കണമായിരുന്നു.
'കോപം കൊണ്ടു ശപിക്കരുതാരും' എന്നൊക്കെയുള്ള കാവ്യശകലങ്ങൾ പാഠങ്ങളായുണ്ടായിരുന്നു. അതൊക്കെ പുതിയ കാലത്തു കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. 'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം' എന്ന ഭാഗം. 'ദുഷ്ടസംസർഗം വരാതെയായീടണം, ശിഷ്ടരായുള്ളവർ തോഴരായീടണം' എന്നൊക്കെയുള്ള ഭാഗം. 'നമുക്കു നാമേ പണിപതു നാകം നരകവുമതു പോലെ' എന്നൊക്കെയുള്ള ഭാഗങ്ങൾ കുട്ടികളെ മനസ്സിലാക്കണം.
ഇതൊക്കെ ഒരു ജീവിതമൂല്യസത്ത കുഞ്ഞുങ്ങളിൽ ഉൾച്ചേർക്കുമായിരുന്നു. അതൊക്കെയാണ് 'അറിവുള്ളവർ' എന്നതിനൊപ്പം 'കനിവുള്ളവർ' കൂടിയായ തലമുറകളെ ഇവിടെ വളർത്തിയത്. സിലബസിലും കരിക്കുലത്തിലും ഒക്കെ ജീവിതപാഠങ്ങൾ, മോറൽസ് ഒക്കെ ഇല്ലാതാവുന്നോ, അത് അറിവു സമ്പാദനത്തിൽ മാത്രമായി പരിമിതപ്പെടുന്നോ എന്നതും ആലോചിക്കണം.
തിന്മയും തെമ്മാടികളും മാത്രമല്ല, നന്മയും നല്ലവരും കൂടിയുള്ളതാണ് ഈ ലോകം എന്നു കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ നമുക്കു കഴിയണം. സ്‌കിൽ ഡവലപ്പമെന്റിനൊപ്പം നന്മയുടെ ഡവലപ്പ്‌മെന്റും ഉൾച്ചേർക്കാൻ കഴിയണം. പൂക്കളെ, പൂത്തുമ്പിയെ, ശലഭങ്ങളെ ഒക്കെ സ്‌നേഹിക്കാൻ പഠിപ്പിക്കണം. പ്രകൃതിയോടുള്ള സ്‌നേഹമാണ് സഹജാതരോടാകെയുള്ള സ്‌നേഹമായി മാറേണ്ടത്.
ഇനി മയക്കുമരുന്നിലേക്കു വരാം, ഇതു മാരകമായ വിപത്തു തന്നെയാണ്. തുടച്ചുനീക്കേണ്ടതും വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതുമായ വിപത്ത്. മയക്കുമരുന്ന് ഒരു ആഗോളശൃംഖലയുടെ ഭാഗമാണ്. മയക്കുമരുന്ന്, പ്രത്യേകിച്ച് രാസമയക്കുമരുന്ന് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നതല്ല, ഇറക്കുമതി ചെയ്യുന്നവയാണ്. ഇറക്കുമതി നടക്കുന്നതാകട്ടെ, പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലൂടെയാണ്. ആ തുറമുഖങ്ങളിലൂടെ ഇറക്കുന്നതിനെ തടുക്കാൻ നമുക്കു മാർഗ്ഗമില്ല. ഇതിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിനെ കർക്കശമായി നമ്മൾ നിയന്ത്രിക്കുന്നുണ്ട്. മയക്കുമരുന്ന് ഏതുവഴി ഇന്ത്യയിലെത്തുന്നു എന്ന ചോദ്യത്തിന് കേന്ദ്ര ഗവൺമെന്റ് രാജ്യസഭയിൽ നൽകിയ ഒരു മറുപടിയുണ്ട്. ഇതിൽ കേരളത്തിലുള്ള ഒരു തുറമുഖവുമില്ല. എന്തുകൊണ്ടാണിത്? കേരളത്തിലെ തുറമുഖത്തിലിറങ്ങിയാൽ അത് അവിടെനിന്ന് റോഡിലേക്കിറക്കാൻ അനുവദിക്കാത്ത കർക്കശ സാഹചര്യം ഇവിടെ ഉണ്ട് എന്നതുകൊണ്ടുതന്നെ.
ഈ സാഹചര്യത്തിൽ വേണ്ടത്, സർക്കാരും സമൂഹം ആകെയും ചേർന്ന് മയക്കുമരുന്ന് എന്ന മാരകവിപത്തിനെ തുടച്ചുനീക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരുമയാണിവിടെ ആവശ്യം. നാട്ടുകാരിൽ പലർക്കും മയക്കുമരുന്നു കൈമാറുന്ന ഇടങ്ങളറിയാം. എന്നാൽ അവരിൽ പലരും വിവരം പോലീസിനോ എക്‌സൈസിനോ കൈമാറുന്നതിനെ ഭയക്കുന്നു. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നു ഭയന്ന്. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഒരു പോലീസ് സ്റ്റേഷനിൽ ചെന്നു പറയുന്നതിനു പകരം, ഉന്നത പോലീസ് ഓഫീസർക്ക് മാത്രം മൊബൈലിൽ വിവരം കൈമാറാന്നതാണ്. ഇൻഫോർമറുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണിത്.
കുട്ടികൾ അരുതാത്ത വഴിക്കു നീങ്ങുന്നില്ല എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സാമൂഹ്യ ഉത്തരവാദിത്വം കൂടിയാവണം. കുടുംബത്തിന്റെയും പോലീസിന്റെയും ഉത്തരവാദിത്വത്തിനു പുറമെയാണിത്. പോലീസ്, പഞ്ചായത്ത്, രക്ഷകർതൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി, ബഹുമാന്യനായ ഒരു തദ്ദേശീയ വ്യക്തിത്വം എന്നിവർ ഉൾപ്പെട്ട സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ഉണ്ടാവണം. ഓരോ മാസവും ജനവാസമേഖലകളിൽ ഈ വിഷയം മുൻനിർത്തി പോലീസ് - റസിഡന്റ്‌സ് സംയുക്ത യോഗങ്ങൾ വേണം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ശക്തമാക്കണം.
മയക്കുമരുന്നുകൾ അതിമാരക വിപത്തുതന്നെയാണെന്നതിൽ സംശയമില്ല. ഈ സഭ തന്നെ കഴിഞ്ഞ മാസം സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ട് ചർച്ച നടത്തിയതാണ്. കേവലം മദ്യമോ മയക്കുമരുന്നോ മാത്രമല്ല നമ്മളിന്ന് കണ്ടതുപോലുള്ള പ്രവണതകളുടെ മൂലകാരണം. രോഗലക്ഷണങ്ങളെ നാം കാണാതെ പോവരുത്.വർദ്ധിച്ചു വരുന്ന ഇത്തരം സാമൂഹ്യ പ്രവണതകൾക്ക് സാമൂഹ്യശാസ്ത്രപരമായ ചികിത്സ ആവശ്യമാണ്. രോഗം എന്തെന്നു തിരിച്ചറിഞ്ഞു മാത്രമേ ചികിത്സയും ഫലപ്രദമാവു. സമൂഹത്തെ എന്നുപറഞ്ഞാൽ കേരള സമൂഹത്തെ മാത്രമല്ല, ഈ തലമുറയിൽ ലോകത്തെവിടെയുമുള്ള സമൂഹങ്ങളെ ബാധിച്ച പൊതുവായ ചില രോഗങ്ങളും രോഗലക്ഷണങ്ങളുമുണ്ട്. അവയെ ആ നിലയ്ക്ക് കണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനത്തിലൂന്നിയ മറുമരുന്നുകളിലൂടെ മാത്രമേ നമുക്ക് ഈയൊരു ഘട്ടത്തെ മുറിച്ചു കടക്കുവാൻ സാധിക്കുകയുള്ളൂ.
തുറന്ന വിപണിയുടെ എല്ലാവിധ സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ പുതിയ തലമുറ ഇവിടെ വളരുന്നത്. കമ്പോളം നിശ്ചയിക്കുന്ന ഒരു മധ്യവർഗ്ഗ ഉപഭോക്തൃ ജീവിതക്രമമാണ് ഇന്ന് പൊതുവിൽ പലരെയും നയിക്കുന്നത്. അണുകുടുംബങ്ങളും സാമൂഹ്യബന്ധങ്ങളില്ലായ്മയും നമ്മളുടെ കാലത്തിന്റെ പ്രത്യേകതയാണ്. നാലു ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ട നിലയിൽ ജീവിതം ജീവിച്ചു തീർക്കുന്നവരാണ് പലരും. നമ്മുടെ കുഞ്ഞുങ്ങളെ വേലി കെട്ടി വളർത്തുന്ന ഒരു പ്രവണത ഇക്കാലത്ത് ചില രക്ഷിതാക്കളിലെങ്കിലും ബലപ്പെട്ടുവരികയാണ്. ചിലതല്ല പലരും എന്ന് പറയാം.
പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കോച്ചിങ് വലിയ പണം മുടക്കിക്കൊണ്ട് ചെറു പ്രായത്തിലേ ഏർപ്പെടുത്തുന്ന അവസ്ഥയുണ്ട്. എന്നാൽ കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിനുള്ള സമയമോ സാഹചര്യമോ നൽകുന്നുമില്ല. വൈകുന്നേരങ്ങളിലെ കളിക്കളങ്ങളും സൗഹൃദ കൂട്ടായ്മകളും കുഞ്ഞുങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. ഇങ്ങനെയാണ് ഓൺലൈൻ ഗെയിമുകളിലേക്ക് കുഞ്ഞുങ്ങൾ ചേക്കേറപ്പെടുന്നത്.
ഓൺലൈൻ ഗെയിമുകൾ ഹൃദയശൂന്യതയുടെ ഒരു ലോകത്തേക്കാണ് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നത്. വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണവർ എത്തിപ്പെടു ന്നത്. അവരുടെ ഇടയിൽ സാമൂഹ്യ ബന്ധങ്ങളുടെ ഊഷ്മളത അന്യം നിന്നുപോവുന്നുണ്ടോ എന്നാണ് നമ്മൾ ആലോചിക്കേണ്ടത്.
ക്യാമ്പസുകളിൽ അരാഷ്ട്രീയത അടിച്ചേൽപ്പിക്കുന്ന നിലപാടാണ് പലരും പലകുറി പറഞ്ഞുകൊണ്ടിരിക്കുന്നത്. ക്യാമ്പസ്സുകൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ അവിടെ അരാജക ഗാങ്ങുകളാണ് ശക്തിപ്പെടുന്നത്. സീനിയർ-ജൂനിയർ വിഭാഗീയത, ഗാങ്ങ് സംഘർഷങ്ങൾ, മയക്കുമരുന്ന് കൈമാറ്റങ്ങൾ, പ്രാദേശിക വികാരത്തിലൂന്നിയ സംഘട്ടനങ്ങൾ ഇവയൊക്കെ തലപൊക്കുന്നത് അരാഷ്ട്രീയ ക്യാമ്പസുകളിലാണെന്നത് ശ്രദ്ധിക്കണം. ഇത് സാമൂഹ്യപ്രതിബദ്ധതയില്ലാത്ത പുതുതലമുറയെ രൂപപ്പെടുത്തുന്നതിന് കാരണമായി മാറുന്നുണ്ട്.
സാമൂഹ്യബോധവും രാഷ്ട്രീയ സാക്ഷരതയുമുള്ള ക്യാമ്പസിനു മാത്രമേ അരാജക പ്രവണതകളെ തടയാനാവുകയുള്ളൂ. അതിന് ക്യാമ്പസ്സുകളിൽ നമ്മുടെ കുഞ്ഞുങ്ങൾ സാമൂഹ്യപ്രശ്‌നങ്ങൾ ചർച്ച ചെയ്തുതന്നെ പോകേണ്ടതുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ ശക്തമായ ക്യാമ്പസ്സുകളിൽ ഇത്തരം അരാജക പ്രവണതകൾ താരതമ്യേന കുറവാണ് എന്നതാണ് വസ്തുത. വിദ്യാർത്ഥികൾ ജനാധിപത്യ ബോധ്യങ്ങളെ ഉൾക്കൊണ്ട്, ശാസ്ത്രീയ കാഴ്ചപ്പാടോടെ വളരേണ്ടതുണ്ട്.
നമ്മുടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ് നിയമസഭ ഇവിടെ ചർച്ച ചെയ്യുന്നത്. എല്ലാവരും ഈ വിപത്തിനെതിരെ ഒരേ വികാരമാണ് പുറപ്പെടുവിച്ചത്. ഇതിനെ നമുക്ക് ഒരുമിച്ച് എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ മുൻകൈ എടുക്കും. ഇക്കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും സുപ്രധാന പങ്കുണ്ട്. ഇതിനായി വിദ്യാർത്ഥി-യുവജന സംഘടനകൾ, സിനിമാ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകൾ, അദ്ധ്യാപക - രക്ഷാകർതൃ സംഘടനകൾ എന്നിവയുടെ യോഗം ചേർന്ന് വിപുലമായ കർമ്മപദ്ധതി തയ്യാറാക്കും.
എൻഡിപിഎസ് കേസ് വിവരങ്ങൾ
ഈ സർക്കാരിൻറെ കാലത്ത് 2024 ഡിസംബർ 31 വരെ 87702 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 87389 കേസുകളിലായി 94886 പേരെ പ്രതി ചേർക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിൻറെ കാലയളവിൽ (201621 വരെ) 37340 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 37228 കേസുകളിലായി 41567 പേരെ പ്രതി ചേർക്കുകയും 41378 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോലീസ് മയക്കുമരുന്ന് സംഭരണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്നവർക്കെതിരെ ഡി ഹണ്ട് (22.02.2025 മുതൽ 01.03.2025 വരെ നടന്ന പ്രത്യേക ഡ്രൈവ്)
ഈ ഡ്രൈവിൻറെ ഭാഗമായി 17246 പേരെ പരിശോധിച്ചു. അതിൽ വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വെച്ചതിന് 2762 കേസുകളിലായി 2854 പേരെ അറസ്റ്റ് ചെയ്തു.
എംഡിഎംഎ 1.312 കിലോഗ്രാം, കഞ്ചാവ് 153.56 കിലോഗ്രാം, ഹാഷിഷ് ഓയിർ 18.15 ഗ്രാം, ബ്രൗൺഷുഗർ 1.855 ഗ്രാം, ഹെറോയിൻ 13.06 ഗ്രാം വിവിധയിനം മയക്കുമരുന്ന് ഗുളികകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി.
ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറലിൻറെ നേതൃത്വത്തിൽ 24 മണിക്കൂർ നേരവും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് കൺട്രോൾ റൂം പ്രവർത്തിക്കുന്നു.
9497927797 എന്ന നമ്പറിലേക്ക് നൽകുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക.
പൊതുജനങ്ങൾക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ ഈ സംവിധാനം വഴി അറിയിക്കാൻ കഴിയും.
ഹൈദരാബാദിലെ വൻകിട മയക്കുമരുന്ന് നിർമ്മാണ ശാല നടത്തുന്ന വ്യക്തിയെ ഹൈദരാബാദിൽ പോയി അറസ്റ്റ് ചെയ്തത് തൃശ്ശൂർ സിറ്റി പോലീസാണ്. മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ നടത്തുന്ന പ്രവർത്തനം മോശമാണെന്ന് പറയുന്നവർ ഇതുകൂടി കാണണം.
·സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് (കൺവിക്ഷൻ റേറ്റ്) 98.19 ശതമാനമാണ്. ഇതിലെ ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയിൽ 25.6 ശതമാനവും ആന്ധ്രാപ്രദേശിൽ 25.4 ശതമാനവുമാണ്. ഈ വിവരങ്ങൾ രാജ്യസഭയിൽ 2022 ഡിസംബർ 22ന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ ഉള്ളതാണ്.
·മയക്കുമരുന്ന് കേസുകളിൽ രാജ്യത്ത് ഏറ്റവും ഉയർന്ന് ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് ഇതിൽനിന്നും കാണാൻ കഴിയും. സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും കാര്യക്ഷമമല്ലായെന്നാണോ ഇത് തെളിയിക്കുന്നത്?
·കേരളത്തിൽ 2024 ൽ എൻ.ഡിപി.എസ് കേസുകളിൽ 4,474 പേരെ ശിക്ഷിച്ചപ്പോൾ 161 പേരെ മാത്രമാണ് വെറുതെ വിട്ടത്. 2023 ൽ 4,998 പേരെ ശിക്ഷിച്ചപ്പോൾ 100 പേരെ മാത്രമാണ് വെറുതെ വിട്ടത്.
·മയക്കുമരുന്ന് കേസുകളിൽ (എൻ.ഡി.പി.എസ്) സംസ്ഥാനത്തെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ 2024 ൽ അറസ്റ്റു ചെയ്തത് 24,517 പേരെയാണ്. പഞ്ചാബിൽ ഇതേ കാലയളവിൽ 9,734 പേരെയാണ് അറസ്റ്റ് ചെയ്തത്.
·വിമുക്തി ഡി അഡിക്ഷൻ പരിപാടി വഴി 1,36,500 പേരെ ഔട്ട് പേഷ്യന്റായും 11,078 പേരെ ഇൻ പേഷ്യന്റായും ചികിത്സിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമമായാണ് ഈ പരിപാടി നടന്നുവരുന്നത്.
·കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 10.02.2025 ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടി വിലമതിപ്പുള്ള മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023 ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
·കേരളത്തിൽ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. താരതമ്യേന ഇത് കുറവാണ്. എന്നാൽ ശിക്ഷാ നിരക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണ്. സംസാരിക്കുന്ന ഈ കണക്കുകൾ നമ്മുടെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ കാര്യക്ഷമതയാണിത് കാണിക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും 2011 ൽ 24 കോടി ആളുകൾ ലഹരി ഉപയോഗിച്ചിരുന്നപ്പോൾ 2021 ൽഅത് 296 കോടിയായി വർദ്ധിച്ചു. ആഗോളതലത്തിലെ വൻവർദ്ധനവ്. 1,173 ശതമാനത്തിന്റെ വർദ്ധന.
0 comments