ഗവർണറുടെ തെറ്റായ നടപടിക്കെതിരെ ജുഡീഷ്യറിയുടെ ശക്തമായ ഇടപെടൽ: മുഖ്യമന്ത്രി

cm press meet
വെബ് ഡെസ്ക്

Published on May 20, 2025, 07:59 PM | 1 min read

കോഴിക്കോട്‌: തെറ്റായ നടപടികൾക്കെതിരായ ജുഡീഷ്യറിയുടെ ശക്തമായ ഇടപെടലാണ്‌ വി സി നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതൊരു മാതൃകയായി സ്വീകരിച്ച്‌ മുന്നോട്ട്‌ പോകണമെന്നും അദ്ദേഹം പറഞ്ഞു.


ശരിയായ രീതിയിലുള്ള വിധിയാണ്‌ ഹൈക്കോടതിയുടേത്‌. ഗവർണറായിരുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാൻ എന്തെല്ലാമായിരുന്നു കാണിച്ചതെന്ന്‌ എല്ലാവർക്കുമറിയുന്ന കാര്യമാണ്‌. എല്ലാത്തിനും നിയതമായ മാനദണ്ഡങ്ങളുണ്ട്‌. അത്‌ ലംഘിച്ച്‌ കാര്യങ്ങൾ നിർവഹിച്ചതിനാലാണ്‌ അവസാന തീരുമാനം ഹൈക്കോടതിയിൽനിന്നുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എ പി ജെ അബ്ദുൾകലാം സാങ്കേതിക സർ‌വകലാശാല താൽക്കാലിക വിസിയായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത് നിയമപരമല്ലെന്നാണ് ഹെെക്കോടതി പറഞ്ഞത്. ഗവർണറായിരുന്ന ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി ചോദ്യംചെയ്‌ത്‌ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.


സാങ്കേതിക സർവകലാശാല നിയമത്തിലെ 13(7) വകുപ്പ്‌ പ്രകാരം വിസിയുടെ താൽക്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പാനലിൽനിന്നുവേണം നിയമിക്കാൻ. ഇക്കാര്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ സർക്കാർ നൽകിയ പാനൽ മറികടന്നാണ്‌ ഗവർണർ ശിവപ്രസാദിനെ നിയമിച്ചത്. അതേസമയം താൽക്കാലിക വിസിമാരുടെ കാലാവധി 27ന് പൂർത്തിയാകുന്നതിനാൽ നിയമനം റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി അതുവരെ തുടരാനും അനുവദിച്ചു. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികൾ തുടങ്ങണമെന്നും സർക്കാരിനോട് നിർദേശിച്ചു.


വിസിമാരുടെ സ്ഥിരംനിയമനം നടക്കുംവരെ താൽക്കാലിക നിയമനത്തിന് യോഗ്യരായവരെ കണ്ടെത്തണം. സർവകലാശാലകളിൽ വിസി, അധ്യാപക നിയമനങ്ങളിൽ 2018ലെ യുജിസി നിശ്ചയിച്ച യോഗ്യതകളാണ് പ്രധാനമെന്നും ഉത്തരവിൽ വ്യക്തമാക്കി. നിയമനം സ്റ്റേ ചെയ്യണമെന്നും സ്ഥിരം വിസിയെ നിയമിക്കുംവരെ സർക്കാർ പാനലിൽനിന്ന് ഒരാളെ താൽക്കാലിക വിസിയായി നിയമിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക് എം ചെറിയാനും സെപ്‌ഷ്യൽ ഗവ. പ്ലീഡർ വി മനുവും ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home