സംസ്ഥാനത്തിന് പുതിയ മുഖം നൽകാൻ ഇൻവെസ്റ്റ് കേരളയ്ക്കായി: മുഖ്യമന്ത്രി

CM PINARAYI
വെബ് ഡെസ്ക്

Published on Mar 04, 2025, 06:59 PM | 1 min read

തിരുവനന്തപുരം: വ്യവസായ മേഖലയിൽ സംസ്ഥാനത്തിന് പുതിയ മുഖം നൽകാൻ ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇത് നിലനിർത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സർക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തിൻറെ നിക്ഷേപ സാധ്യതാ മേഖലകൾ വ്യവസായ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനും ആത്മവിശ്വാസം നൽകാനും ഉച്ചകോടി അവസരമൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആത്മവിശ്വാസമാണ് 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഇൻവെസ്റ്റ് കേരളയിലൂടെ ലഭിക്കാൻ ഇടയാക്കിയത്. ഉച്ചകോടിയിലെ നിക്ഷേപങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള തുടർ നടപടികൾ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇൻവെസ്റ്റ് കേരള ഉച്ചകോടി മികച്ച രീതിയിൽ സംഘടിപ്പിച്ചതിനും സംസ്ഥാനത്തേക്കുള്ള നിക്ഷേപ സാധ്യത വർധിപ്പിക്കാനായതിലും വ്യവസായ സംഘടനകളെയും പങ്കാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നിക്ഷേപം കൊണ്ടുവരുന്നതിലും സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും വ്യവസായ വാണിജ്യ സംഘടനകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സഹകരണം ഭാവിയിലും തുടർന്നു കൊണ്ടുപോകേണ്ടത് വ്യവസായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. തുടർന്നുള്ള ഓരോ ഘട്ടത്തിലും വ്യവസായ സംഘടനകൾ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ആശയവിനിയമയം നടത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഇൻവെസ്റ്റ് കേരളയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ഈ മാസം 14 ന് മുഖ്യമന്ത്രി വിളിക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയനുകളുടെ യോഗവും ചേരും. ഇൻവെസ്റ്റ് കേരളയിലും തുടർന്നുമായി കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സംഘടനകൾ ഉൾപ്പെടെ എല്ലാവരുടെയും ഒറ്റക്കെട്ടായ പരിശ്രമത്തിൻറെ ഫലമാണിത്. ഇൻവെസ്റ്റ് കേരളയിൽ നിന്നുണ്ടായ സമാനസ്വഭാവമുള്ള വ്യവസായ നിർദ്ദേശങ്ങളെ ഏഴ് മേഖലകളായി നിശ്ചയിക്കുകയും ചുമതലകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ നടത്താൻ 12 വിദഗ്ധരെ നിയമിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പൽ സെക്രട്ടറിയും മാസം തോറും വ്യവസായമന്ത്രിയും പദ്ധതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home