print edition ക്ലീനാക്കി 2.15 ലക്ഷം ടൺ ; അഭിമാനമാണ്‌ മാലിന്യമുക്ത കേരളം

Malinya Muktham Nava Keralam kerala model waste management
avatar
ബിജോ ടോമി

Published on Nov 15, 2025, 03:00 AM | 1 min read

നഗരത്തെരുവുകളിലെയും നാട്ടിടവഴികളിലെയും 
മലീമസക്കോണുകൾ ഇപ്പോൾ കാണാനില്ല. നാടിന്റെ ശാപമായി 
വർഷങ്ങളായി കുന്നുക‍ൂടിയ മാലിന്യമലകൾ മൈതാനങ്ങളും 
പാർക്കുകളും സംസ്കരണകേന്ദ്രങ്ങളുമായി മാറിയിരിക്കുന്നു. 
പുഴുക്കൾ മദിച്ചിരുന്ന മണ്ണിലിന്ന്‌ പൂക്കൾ പിറക്കുന്നു... 
പൂന്പാറ്റകൾ പാറുന്നു... സമാനതയില്ലാത്ത വികസനത്തിന്റെ 
ദൃശ്യങ്ങൾക്കൊപ്പം, മാലിന്യം മായുന്നതുകൂടിയാണ്‌ നാടിന്റെ 
പുരോഗതി അടയാളപ്പെടുത്തുന്നത്‌. അഭിമാനമാണ്‌ മാലിന്യമുക്ത കേരളം.


തിരുവനന്തപുരം

ഒന്നും രണ്ടുമല്ല 2.15 ലക്ഷം ടൺ മാലിന്യമാണ്‌ അഞ്ചര വർഷം കൊണ്ട്‌ കേരളം ശേഖരിച്ചത്‌. പടിപടിയായി സന്പൂർണ ശുചിത്വകേരളമെന്ന സ്വപ്‌നത്തിലേയ്‌ക്കാണ്‌ ചുവടുറപ്പിക്കുന്നത്‌. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യ ശേഖരണം കാര്യക്ഷമമാക്കിയും സംസ്‌കരണത്തിന്‌ പദ്ധതികൾ ആവിഷ്‌കരിച്ചുമാണ്‌ മാലിന്യമുക്ത കേരളത്തിലേക്ക്‌ എത്തിയത്‌. 2020–21 മുതൽ ഇക്കഴിഞ്ഞ ഒക്‌ടോബർവരെ തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കമ്പനി വഴി 2,15,724 ടൺ മാലിന്യമാണ്‌ ശേഖരിച്ചത്‌.


പൊതുഇടങ്ങളിലും മറ്റും കത്തിച്ചു ഒഴിവാക്കുമായിരുന്ന മാലിന്യമാണിത്‌. ഇതിലൂടെ ഒഴിവായത്‌ അന്തരീക്ഷത്തിൽ നിറയേണ്ട 2.80 ലക്ഷം ടൺ കാർബൺ ഡൈഓക്‌സൈഡാണ്‌. ഹരിതകർമസേന വഴിയാണ്‌ വീടുകളിലും സ്ഥാപനങ്ങളിലുംനിന്നു മാലിന്യം ശേഖരിക്കുന്നത്‌. പുനരുപയോഗിക്കാൻ കഴിയുന്ന അജൈവവസ്‌തുക്കൾക്ക്‌ ക്ലീൻ കേരള കമ്പനി വിലയിട്ട്‌ തുക ഹരിതകർമസേനക്ക്‌ നൽകും.


navakeralam


പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം സംസ്ഥാനത്തിന്‌ പുറത്തുള്ള സിമന്റ്‌ കമ്പനികൾക്ക്‌ നൽകും. ഒരുവർഷം നീണ്ട മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്ത പദവിയിലെത്തി. മുഴുവൻ മാലിന്യങ്ങളും ശാസ്‌ത്രീയമായ സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പുവരുത്തി. വൃത്തിയുള്ള നാടിനായി എൽഡിഎഫ്‌ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ദേശീയ സ്വച്ഛ് സർവേക്ഷൺ പുരസ്‌കാരം തേടിയെത്തി. കോർപറേഷനുകൾ ഉൾപ്പെടെ കേരളത്തിലെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിൽ ഇടംനേടി. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ എട്ട് നഗരങ്ങൾ എത്തി. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളടക്കം നിരവധി തദ്ദേശ സ്ഥാപനങ്ങൾ ദേശീയ–അന്തർദേശീയ പുരസ്കാരങ്ങൾ നേടി.


മിനി എംസിഎഫുകൾ 20,051


എംസിഎഫുകൾ 1350


ആർആർഎഫ്‌ 192


സാനിറ്ററി മാലിന്യ സംസ്‌കരണത്തിന്‌ 
 5 പ്ലാന്റുകൾ പ്രവർത്തിക്കുന്നു 
 4 പ്ലാന്റുകൾക്കുള്ള ടെൻഡർ പുരോഗമിക്കുന്നു


59 മാലിന്യക്കൂനകളിൽ ബ്രഹ്മപുരം ഉൾപ്പെടെ 
 22 ഇടങ്ങൾ വീണ്ടെടുത്തു 



ബയോമൈനിങ്ങിലൂടെ വീണ്ടെടുത്തത്‌ 66 ഏക്കർ



deshabhimani section

Related News

View More
0 comments
Sort by

Home