സിനിമ കോൺക്ലേവ് ആഗസ്തിൽ; നിയമ നിർമാണം രണ്ട് മാസത്തിനകം പൂർത്തിയാക്കും

കൊച്ചി: സിനിമ കോൺക്ലേവ് ആഗസ്തിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം നടത്തും. ഹേമ കമ്മിറ്റി സംബന്ധിച്ച ഹർജികൾ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി.
സിനിമ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള നടപടികൾ വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. നിയമ നിർമാണത്തിന് മുന്നോടിയായുള്ള സിനിമ കോൺക്ലേവ് ആഗസ്ത് ആദ്യ ആഴ്ച നടത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും.
കോൺക്ലേവിന് ശേഷം രണ്ട് മാസത്തിനുള്ളിൽ നിയമത്തിന്റെ കരട് തയാറാക്കും. തുടർന്ന് ഭേദഗതികൾ വരുത്തി നിയമ നിർമാണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി. അന്വേഷണ സംഘത്തോട് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്.









0 comments