റിവ്യൂ ബോംബിങ് സിനിമയെ തകർക്കാതിരിക്കാൻ പൊതുപെരുമാറ്റച്ചട്ടം കൊണ്ടുവരും
ഒരേ ലക്ഷ്യം, ഒറ്റമനസ്സ് ; സിനിമ കോൺക്ലേവ് സമാപിച്ചു

തിരുവനന്തപുരം
രാജ്യത്തിന്റെ ശ്രദ്ധ മലയാള സിനിമാലോകത്തേക്ക് തിരിഞ്ഞ രണ്ട് നാൾ. ലൈറ്റ്‌ബോയ് മുതൽ സൂപ്പർതാരങ്ങൾവരെ കേരളത്തിന് സിനിമാ നയം രൂപീകരിക്കാൻ തലസ്ഥാനത്ത് സമ്മേളിച്ചു. നിർദേശങ്ങളും ആശയങ്ങളും പങ്കുവച്ചു. സിനിമാമേഖലയെ ശാക്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. വ്യത്യസ്‌ത സംഘടനയിലുള്ളവരും വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരും ഒന്നിച്ചിരുന്നാൽ കോൺക്ലേവിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന ചിലരുടെ ധാരണകളും തകർന്നു. ഷൂട്ടിങ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും ലിംഗസമത്വം ഉറപ്പാക്കി ജോലി ചെയ്യാന്‍ പൂര്‍ണ സുരക്ഷ നല്‍കുന്ന നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി ഒമ്പത് പാനൽ ചർച്ചകളും ഉപവിഷയത്തിൽ മൂന്ന് ചർച്ചകളും നടന്നു. ചർച്ചയിൽ നല്ല പങ്കാളിത്തമുണ്ടായി. വിദേശ പ്രതിനിധികളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരും പങ്കെടുത്തു.
സമാപനസമ്മേളനം അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. അടൂര്‍ ഗോപാലകൃഷ്ണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി എന്നിവരെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
സാംസ്‌കാരിക ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, ചലച്ചിത്ര നയരൂപീകരണ സമിതി അംഗങ്ങളായ സന്തോഷ് ടി കുരുവിള, പത്മപ്രിയ, നിഖില വിമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ മധു, എംഡി പ്രിയദര്‍ശന്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയർപേഴ്‌സണ്‍ മധുപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ തുടങ്ങിയവരും സമാപനസമ്മേളനത്തില്‍ പങ്കെടുത്തു.
മികച്ച ചർച്ചകൾ ഉയർന്നുവന്നു: അടൂർ
കോൺക്ലേവിൽ നിലവാരമുള്ള ചർച്ചകൾ ഉയർന്നുവന്നെന്ന് അടൂർ ഗോപാലകൃഷ്ണൻ. സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺക്ലേവ് ആരംഭിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നെങ്കിലും വിജയിച്ചതിൽ സന്തോഷമുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് നമ്മളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. ചലച്ചിത്ര അക്കാദമിയും ഐഎഫ്‌എഫ്‌കെയും മികച്ച രീതിയിലാണ് നമ്മൾ നടത്തുന്നത്. അതിൽ ഈ സർക്കാരിന്റെ പിന്തുണ ഏറെ പ്രാധാന്യമുള്ളതാണ്. നിലവാരമുള്ള സിനിമകൾ കേരളത്തിൽ ഉണ്ടാകണം.
കോൺക്ലേവിനായി ചില നിർദേശങ്ങൾ നൽകിയിരുന്നു. ‘ഇ ടിക്കറ്റ് ഏർപ്പാടാക്കണം’ എന്ന ആവശ്യം അതിൽ പ്രധാനമാണ്. തിയറ്ററുകളിൽ അഴിമതി നടക്കുന്നത് തടയാൻ കഴിഞ്ഞാൽ നിർമാതാക്കൾക്ക് വലിയ ആശ്വാസമാകും. ടെലിവിഷനുകളിൽ നല്ല പരിപാടികൾ ഇല്ലാത്ത കാലമാണ്. സിനിമാ കോൺക്ലേവ് എന്നതിൽനിന്ന് സിനിമ–-- ടിവി കോൺക്ലേവ് എന്നാക്കണമെന്നും അടൂർ പറഞ്ഞു.
ഫിലിം കോംപ്ലക്സ് നിർമാണത്തിന് എല്ലാ സഹായവും നൽകും: മന്ത്രി ബാലഗോപാൽ
കേരളത്തിൽ ഫിലിം കോംപ്ലക്സ് നിർമാണത്തിനായി എല്ലാ സഹായവും നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സിനിമാ കോൺക്ലേവ് സമാപന സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.
നല്ല സിനിമകൾ സൃഷ്ടിക്കപ്പെടുകയും അത് ജനങ്ങളിലേക്ക് എത്തുകയും വേണം. മറ്റു സംസ്ഥാനങ്ങളിലുള്ളവർ മലയാള സിനിമയെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കോൺക്ലേവിലെ അഭിപ്രായങ്ങൾ പരിഗണിച്ച് മികച്ച ചലച്ചിത്ര നയം രൂപീകരിക്കാൻ നമുക്ക് കഴിയണം. ചലച്ചിത്ര മേഖലയിൽ ഒരു രീതിയിലുമുള്ള നിയന്ത്രണം വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മികച്ച സിനിമകളുടെ നിർമാണത്തിന് എന്തൊക്കെ സഹായങ്ങളാണ് ചെയ്യാൻ കഴിയുക എന്നതാണ് പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യം എത്രയുംവേഗം സാധ്യമാക്കണം : ശ്രീകുമാരൻ തമ്പി
‘നല്ല സിനിമ, നല്ല നാളെ’ എന്ന കേരളത്തിന്റെ ലഷ്യം അതിവേഗം സാധ്യമാക്കാൻ കഴിയണമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സർക്കാരിന്റെ അധികാരങ്ങൾ സിനിമയെ സഹായിക്കാൻ പ്രയോജനപ്പെടുത്തണം. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമത്വമെന്ന ആശയത്തിലൂന്നിയ കോൺക്ലേവ്: ജോബി
സമത്വമെന്ന ആശയത്തിലൂന്നിയ ചർച്ചകളാണ് കോൺക്ലേവിൽ ഉടനീളമുണ്ടായതെന്ന് നടൻ ജോബി. അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സർക്കാർ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു. ഭിന്നശേഷിക്കാരുടെയും ട്രാൻസ്‌ജെൻഡേഴ്സിന്റെയും ആവശ്യങ്ങൾ നടപ്പാക്കാമെന്ന് ഉറപ്പുതന്നു.
ശാരീരിക വെല്ലുവിളി നേരിടുന്നവരെ തമാശ അവതരിപ്പിക്കാനുള്ള കഥാപാത്രമായാണ് ഒരുകാലത്ത് പരിഗണിച്ചത്. അതിൽനിന്ന് നായക കഥാപാത്രങ്ങളിലേക്ക് ഉയരാൻ ആ വിഭാഗത്തിന് കഴിഞ്ഞു. നമ്മുടെ സംസ്ഥാനം പുരോഗമന ആശയങ്ങൾ സ്വീകരിക്കുന്നതിൽ എത്രത്തോളം മുന്നിട്ടുനിൽക്കുന്നുവെന്നത് ഇതിലൂടെ വ്യക്തമാക്കുന്നു–- ജോബി പറഞ്ഞു.
സർക്കാർ സഹായത്തോടെ നിർമിച്ചത് മികച്ച സിനിമകൾ: സജി ചെറിയാൻ
അരികുവൽകരിക്കപ്പെട്ടവർക്ക് സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ധനസഹായം പ്രാധാന്യമേറിയതാണെന്ന് മന്ത്രി സജി ചെറിയാൻ. പട്ടികജാതി–പട്ടിക വിഭാഗക്കാർക്കും സ്ത്രീകൾക്കും സിനിമ നിർമിക്കാൻ പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. ഇതിലൂടെ മാതൃകാപരമായ സിനിമകൾ കേരളത്തിന് ലഭിച്ചു. ഇനിയും കൂടുതൽ പേർക്ക് ഫണ്ട് അനുവദിച്ച് നല്ല സിനിമകൾ സൃഷ്ടിക്കപ്പെടണം. സാമ്പത്തിക–സാമൂഹിക സാഹചര്യംമൂലം സിനിമയെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ആർക്കും ഉണ്ടാകരുത്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ട് നയിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് നിർമിച്ച സിനിമകളുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ സദസ്സിൽ പ്രതിഷേധമുയർന്നിരുന്നു. ഒന്നരക്കോടി രൂപയാണ് സർക്കാർ നൽകുന്ന തുക. ഇത് വാണിജ്യ സിനിമ എടുക്കാനുള്ളതല്ല. ഈ രീതിയിൽ സിനിമ നിർമിക്കുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനം നൽകണമെന്നാണ് അടൂർ പറഞ്ഞത്.
ചരിത്രനിമിഷം : കുക്കു പരമേശ്വരൻ
സിനിമാ മേഖലയ്ക്ക് ചരിത്രനിമിഷമാണിത്. വരുന്ന തലമുറയ്ക്ക് സിനിമയിൽ പ്രവർത്തിക്കാൻ എളുപ്പത്തിൽ കഴിയും. കേരളത്തിന്റെ നയം ഏറ്റവും പുരോഗമനപരമായിരിക്കും. എല്ലാവരെയും ഉൾകൊള്ളുന്നതായിരിക്കും. കോൺക്ലേവിൽ നല്ല രീതിയിൽ സ്‌ത്രീപങ്കാളിത്തമുണ്ടായി. സർക്കാർ ഇരുകൈയും നീട്ടി അവരെ വിളിക്കുകയാണ്. വിവിധ പദ്ധതികൾ അതിനായുണ്ട്. മറ്റൊരു സംസ്ഥാനവും അത്തരം കാര്യങ്ങൾ ചെയ്യുന്നില്ല.









0 comments