സിനിമാകോൺക്ലേവിന്‌ 500 പ്രതിനിധികൾ ; ലോഗോ പ്രകാശിപ്പിച്ചു

cinema conclave
വെബ് ഡെസ്ക്

Published on Jul 17, 2025, 01:23 AM | 1 min read


തിരുവനന്തപുരം

സിനിമാനയ രൂപീകരണത്തിനായി ആഗസ്‌ത്‌ രണ്ട്‌, മൂന്ന്‌ തീയതികളിൽ ചേരുന്ന കോൺക്ലേവിൽ 500 പ്രതിനിധികൾ പങ്കെടുക്കും. ഉദ്‌ഘാടനച്ചടങ്ങിൽ സിനിമാമേഖലയിൽനിന്നുള്ള ആയിരത്തിലേറെപ്പേരെയും ക്ഷണിക്കും. നടപടികൾ പൂർത്തിയാക്കി ആറുമാസത്തിനകം നയം പ്രഖ്യാപിക്കും. ലോഗോ പ്രകാശിപ്പിച്ചശേഷം വാർത്താസമ്മേളനത്തിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാനാണ്‌ കാര്യങ്ങൾ വിശദീകരിച്ചത്‌.


മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി സിനിമാമേഖലകളിലെ പ്രമുഖർ പ്രതിനിധികളാകും. കേന്ദ്ര–-സംസ്ഥാന മന്ത്രിമാർ, അന്താരാഷ്‌ട്ര സിനിമയിലെ പ്രമുഖർ, സാമൂഹിക–- സാംസ്‌കാരിക പ്രവർത്തകർ, സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, തൊഴിൽ–-നിയമ വിദഗ്‌ധർ തുടങ്ങിയവരും പങ്കെടുക്കും.


ആദ്യദിവസം ഉദ്‌ഘാടനത്തിനുശേഷം അഞ്ചുവേദികളിൽ ഒരേസമയം പാനൽ ചർച്ച നടക്കും. പ്രതിനിധികൾക്ക്‌ നിർദേശങ്ങൾ അവതരിപ്പിക്കുകയും രേഖാമൂലം എഴുതി നൽകുകയുമാകാം. മോഡറേറ്റർ ആശയങ്ങൾ ക്രോഡീകരിച്ച്‌ പ്ലീനറി സെഷനിൽ അവതരിപ്പിക്കും. രണ്ടാംദിവസം നാല്‌ പാനൽ ചർച്ച. രണ്ടുദിവസവും വൈകിട്ട്‌ ഓപ്പൺ ഫോറം. ഇതിൽനിന്നുള്ള ആശയങ്ങൾക്കൂടി ചേർത്താകും നയം രൂപീകരിക്കുക. അടൂർ ഗോപാലകൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്‌, ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇവയെല്ലാം പരിഗണിക്കും. മന്ത്രിസഭ അംഗീകരിച്ചശേഷം നിയമസഭയിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.


സാംസ്‌കാരിക ഡയറക്ടർ ദിവ്യ എസ്‌ അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരികപ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ മധുപാൽ, ചലച്ചിത്രവികസന കോർപറേഷൻ എംഡി പി എസ്‌ പ്രിയദർശനൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home