മൂന്നുമാസത്തിനകം സർക്കാർ സിനിമാനയം പ്രഖ്യാപിക്കും
ലോകത്തോളം കുതിക്കാനൊരുങ്ങി മലയാള സിനിമ ; സിനിമാ കോൺക്ലേവ് സമാപിച്ചു

സിനിമാ കോൺക്ലേവിനെത്തിയ ശ്രീകുമാരൻ തമ്പിയോട് സൗഹൃദംപുതുക്കുന്ന മന്ത്രി സജി ചെറിയാൻ. മധുപാൽ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം
തൊഴിൽസുരക്ഷിതത്വവും ലിംഗസമത്വവും സ്‌ത്രീസുരക്ഷയും ഉറപ്പാക്കി മലയാള സിനിമാ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുതകുന്ന നിർദേശങ്ങളുമായി സിനിമാ കോൺക്ലേവിന് സമാപനം. പ്രൊഡക്‌ഷൻ ബോയ് മുതൽ സംവിധായകൻ വരെ സിനിമയ്‌ക്ക് മുന്നിലും അണിയറയിലുമുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ ചർച്ചയ്‌ക്കാണ് രണ്ടുനാൾ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. തെറ്റുകൾക്കെതിരെ കർശനനടപടിയുണ്ടാകുന്ന, വിവേചനരഹിതമായ പെരുമാറ്റവും പ്രവർത്തനവും എല്ലാത്തലത്തിലും ഉറപ്പുവരുത്തുന്നതാകും നയമെന്ന് കോൺക്ലേവിലെ ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
മൂന്നുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും. കോൺക്ലേവിൽ ഉയർന്ന ആശയങ്ങളും നിർദേശങ്ങളും മൂന്ന് ദിവസത്തിനകം ചലച്ചിത്ര വികസനകോർപറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് 15 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. വിദഗ്‌ധസമിതി പരിശോധിച്ചാണ് കരട് നയമുണ്ടാക്കുക.
ജൂനിയർ ആർടിസ്റ്റുകൾക്ക് കരാർപ്രകാരമുള്ള വേതനം, ഭക്ഷണം, തൊഴിൽ ചെയ്യാനുള്ള അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കും. സിനിമാനിർമാണവുമായി ബന്ധപ്പെട്ട അനുമതികൾക്കായി ഏകജാലകസംവിധാനം ഏർപ്പെടുത്തും. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. സിനിമ–ടെലിവിഷൻ മേഖല ഉൾക്കൊള്ളിച്ചാണ് നയവും നിയമനിർമാണവും നടത്തുകയെന്നും മന്ത്രി പറഞ്ഞു.
സ്വതന്ത്ര സിനിമയ്‌ക്ക് സർക്കാർ തിയേറ്ററുകളിൽ ഒരുഷോ അനുവദിക്കും. സിനിമാമേഖലയിൽ പരിശീലനം നൽകാൻ പദ്ധതി നടപ്പാക്കും. കലാകാരന്മാർക്കുള്ള ക്ഷേമനിധി, പെൻഷൻ,- ഇൻഷൂറൻസ് എന്നിവ കാലോചിതമായി പരിഷ്‌കരിക്കും. സർക്കാർ ഒടിടി പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തും. തിയേറ്ററുകളിൽ ഇ ടിക്കറ്റിങ് ശക്തിപ്പെടുത്തും.
ചിത്രാഞ്‌ജലിയുടെ നവീകരണം ഒരുവർഷത്തിനകം പൂർത്തിയാക്കും. പ്രമുഖ സിനിമാപ്രവർത്തകരുടെ സ്‌മരണ നിലനിർത്താൻ മ്യൂസിയം സ്ഥാപിക്കും–-മന്ത്രി പറഞ്ഞു.









0 comments