വയനാട് പുനരധിവാസം: മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിച്ചു

കൽപ്പറ്റ: വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെല്ലുവിളികൾ മറികടന്ന് പുനരധിവാസം പൂർത്തികരിക്കാൻ പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ച് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു.അത് കൂടാതെയാണ് ഈ തുക കൂടി കെട്ടി വച്ച് ഭൂമി ഏറ്റെടുത്തത്.

ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ്. തുടർന്നു വയനാട് ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള ടീം രാത്രിയിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ ഇന്ന് തന്നെ ആരംഭിക്കുകയും ചെയ്തു. ഒരുമിച്ച്, ഒറ്റക്കെട്ടായി ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ എസ്റ്റേറ്റ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചതോടെയാണ് നിർമാണം മൂന്നുമാസം വൈകിയത്. സർക്കാർ കാര്യക്ഷമതയോടെ കേസ് കൈകാര്യംചെയ്‌ത് ഭൂമി ഏറ്റെടുക്കാൻ അന്തിമാനുമതി നേടി.
ഓരോ കുടുംബത്തിനും ഏഴ് സെന്റിൽ ആയിരം ചതുരശ്രയടി വീട് നിർമിച്ചുനൽകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപ്പർപ്പസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ടൗൺഷിപ്പിലുണ്ടാകും. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം നൽകും. ഗുണഭോക്തൃ പട്ടികയിൽ 402 കുടുംബങ്ങളാണുള്ളത്.









0 comments