മുണ്ടക്കൈ പുനരധിവാസം: വിധിവന്നു, പണമടച്ചു; നിർമാണം ഇന്നുമുതൽ

mundakkai township foundation stone laying
avatar
സ്വന്തം ലേഖകർ

Published on Apr 12, 2025, 01:15 AM | 2 min read

കൽപ്പറ്റ/ കൊച്ചി : മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിന്‌ കൽപ്പറ്റ എൽസ്റ്റൺ ടീ എസ്റ്റേറ്റിന്റെ 78.73 ഹെക്‌ടർ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹെെക്കോടതി വിധിക്കു പിന്നാലെ ടൗൺഷിപ്പ്‌ നിർമാണം ശനിയാഴ്‌ച തുടങ്ങും. ഹൈക്കോടതി നിർദേശ പ്രകാരം ഭൂമിയുടെ പുതുക്കിയ ന്യായവിലപ്രകാരമുള്ള നഷ്ടപരിഹാരമായി 17.77 കോടി രജിസ്‌ട്രാറുടെ അക്കൗണ്ടിൽ വെള്ളിയാഴ്‌ച രാത്രി തന്നെ അടച്ച്‌ 64.4075 ഹെക്ടർ സർക്കാർ ഏറ്റെടുത്തു. ഇതോടെയാണ്‌ നിർമാണത്തിന്‌ വഴിയൊരുങ്ങിയത്‌.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌ നിർമാണച്ചുമതല. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ എസ്റ്റേറ്റ്‌ മാനേജ്‌മെന്റ്‌ കോടതിയെ സമീപിച്ചതോടെയാണ്‌ നിർമാണം മൂന്നുമാസം വൈകിയത്‌. സർക്കാർ കാര്യക്ഷമതയോടെ കേസ്‌ കൈകാര്യംചെയ്‌ത്‌ ഭൂമി ഏറ്റെടുക്കാൻ അന്തിമാനുമതി നേടി. ഓരോ കുടുംബത്തിനും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീട്‌ നിർമിച്ചുനൽകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപ്പർപ്പസ്‌ ഹാൾ, ലൈബ്രറി തുടങ്ങിയവ ടൗൺഷിപ്പിലുണ്ടാകും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ഗുണഭോക്തൃ പട്ടികയിൽ 402 കുടുംബങ്ങളാണുള്ളത്‌. ആശ്വാസമായി ഹൈക്കോടതി വിധി നിലവിൽ കെട്ടിവച്ച 26.51 കോടി രൂപയ്‌ക്കുപുറമെ 17.77 കോടി രൂപകൂടി കെട്ടിവയ്‌ക്കണമെന്ന്‌ ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാറും ജസ്റ്റിസ് എസ് മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്‌. കൂടുതൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ അപ്പീലിലാണ് ഉത്തരവ്. ഹർജി ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും. കോടതിയുടെ ഇടക്കാല നിർദേശപ്രകാരം 26.51 കോടി രൂപ കെട്ടിവച്ച് പ്രതീകാത്മകമായി സ്ഥലമേറ്റെടുത്താണ് ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നടത്തിയത്. കേസ് കോടതിയിലായതിനാൽ തുടർപ്രവർത്തനം നടന്നില്ല. ഇതിനിടെയാണ് സർക്കാരിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്.


2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാരിസൺ മലയാളം, എൽസ്റ്റൺ എസ്റ്റേറ്റുകൾ നൽകിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. തങ്ങളുടെ 78.73 ഹെക്‌ടറിന്‌ 549 കോടി രൂപ മൂല്യമുണ്ടെന്നും നഷ്‌ടപരിഹാരം ന്യായമല്ലെന്നുമാണ് എൽസ്റ്റണിന്റെ വാദം. വില്ലേജിൽ സമീപകാലത്ത്‌ നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്‌ടപരിഹാരം കണക്കാക്കിയതെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. ഏക്കറിന് 66,000 രൂപവീതം പുതുക്കിയ ന്യായവിലയാണ് അറിയിച്ചത്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ചോദ്യംചെയ്‌ത്‌ സർക്കാർ നൽകിയ മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലാണ്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർനടപടി സിംഗിൾബെഞ്ച് ശരിവച്ചതിനെ തുടർന്ന്‌ എസ്റ്റേറ്റ്‌ ഉടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഹാരിസൺ മലയാളം കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്നാണ്‌ സർക്കാർ അറിയിച്ചത്‌. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, സ്‌പെഷൽ ഗവ. പ്ലീഡർമാരായ എം എച്ച് ഹനിൽകുമാർ, എസ് കണ്ണൻ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home