മുണ്ടക്കെെ: ടൗൺഷിപ് നിർമാണത്തിന് നാനൂറിലധികം തൊഴിലാളികൾ


അജ്‌നാസ് അഹമ്മദ്
Published on Apr 14, 2025, 01:00 AM | 1 min read
കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള കൽപ്പറ്റ ടൗൺഷിപ്പിന്റെ പ്രവൃത്തിക്കായി അണിനിരക്കുക നാനൂറിലധികം നിർമാണ തൊഴിലാളികൾ. നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി, സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ തൊഴിലാളികളെ പാർപ്പിച്ച് പ്രവൃത്തി നടത്തും.
ശനിയാഴ്‌ച ആരംഭിച്ച നിലമൊരുക്കൽ ഞായറും തുടർന്നു. വിഷു അവധിക്ക് ശേഷം ആദ്യഘട്ടമായി നൂറ് തൊഴിലാളികളെത്തും. എസ്‌റ്റേറ്റിലെ ഫാക്‌ടറിയിലും അനുബന്ധകെട്ടിടങ്ങളിലും താമസസൗകര്യം ഒരുക്കും. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാകും ജോലി. ഓരോ ഗ്രൂപ്പിലും 10 എൻജിനിയർമാരുണ്ടാകും. 70 ദിവസംകൊണ്ട് മാതൃകാവീട് പൂർത്തിയാക്കി ഗുണമേന്മ ബോധ്യപ്പെടുത്തും. മാതൃകാവീടിനൊപ്പം മറ്റു വീടുകളുടെ നിർമാണവും ആരംഭിക്കും. 20 വീടുകളുള്ള ക്ലസ്റ്ററുകളിലാണ് പാർപ്പിട സമുച്ചയം. വീട് പ്രവൃത്തിക്ക് മുമ്പ് സാമഗ്രികളെത്തിക്കാൻ റോഡ് നിർമിക്കും.
കൽപ്പറ്റ ബൈപാസിനോട് ചേർന്ന് എസ്റ്റേറ്റ് തുടങ്ങുന്ന പ്രദേശത്താണ് ആദ്യഘട്ടം പൂർത്തിയാക്കുക. തേയിലച്ചെടി പിഴുതുമാറ്റുന്നത് ഒരാഴ്‌ചക്കുള്ളിൽ പൂർത്തിയാക്കും. മാതൃകാ വീടിന്റെ തറയുടെ പ്രവൃത്തിയും ഉടൻ തുടങ്ങും. നിലവിൽ 402 ഗുണഭോക്തൃ കുടുംബങ്ങളിൽ 290 പേരാണ് ടൗൺഷിപ്പിൽ വീട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവർ 15 ലക്ഷം രൂപ ധനസഹായത്തിനാണ് സമ്മതം അറിയിച്ചത്. അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ വീടുകളുടെ എണ്ണം വർധിച്ചേക്കും.









0 comments