ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; അമ്മാവൻ ഹരികുമാർ റിമാൻഡിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. ഇന്നലെയാണ് ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകൾ ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു.
ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മഹിളാമന്ദിരത്തിലാണ് ശ്രീതുവിനെ ചോദ്യം ചെയ്യുന്നത്. കുഞ്ഞിനെ കൊല്ലാൻ ഉൾവിളി ഉണ്ടായി, കൊല്ലാൻ തോന്നിയതുകൊണ്ട് കൊന്നു എന്നാണ് ഹരികുമാറിന്റെ മൊഴി. ഹരികുമാറിനെ ചോദ്യം ചെയ്യുമ്പോൾ ചില മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി എസ് പി എസ് സുദർശൻ പറഞ്ഞു. അത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നും എസ് പി പറഞ്ഞു. ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.
മാനസിക പ്രശ്നങ്ങളെ തുടർന്ന് ഇയാൾ ദീർഘ കാലമായി മരുന്ന് കഴിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഹരികുമാർ കുറ്റം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് കൂടുതൽ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. ഹരികുമാറിന്റെ മൊഴികളിൽ സ്ഥിരതയില്ലെന്നും എന്ത് കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഇയാൾ കുട്ടിയെ എടുത്തെറിഞ്ഞെന്നാണ് ശ്രീതു പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.
ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയൽവാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോർച്ചുമായി നാട്ടുകാരായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. തുടർന്ന് പ്രദേശത്തെ സിസിടിവികളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു.
സ്ഥലത്തെത്തിയ ഡിവൈഎസ്പി ഷാജിയാണ് കിണർ പരിശോധിക്കാൻ നിർദേശം നൽകിയത്. കിണറിൽ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിന് കാരണം. രാവിലെ എട്ടോടെ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു.









0 comments