കുട്ടികളുടെ വായനയും സർഗവാസനകളും പ്രോത്സാഹിക്കപ്പെടണം: മന്ത്രി ആർ ബിന്ദു

bindu minister
വെബ് ഡെസ്ക്

Published on Apr 22, 2025, 12:56 PM | 1 min read

തിരുവനന്തപുരം: കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർ​ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നവീകരിച്ച ആഡിറ്റോറിയവും സമ്മർ സ്‌കൂളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞു അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സാധിക്കണം. കുട്ടികൾ ഹൃദയവിശാലതയുള്ളവരായി വളരണം. കുട്ടികളിൽ ഹിംസത്മക ചിന്തകൾ വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. പരസ്പരം സഹകരിച്ചും കൂട്ടുകൂടിയും പഠിച്ചും പുസ്തകങ്ങൾ വായിച്ചും കളിച്ചും കുട്ടികൾ വളരണം. ഫോൺ സ്‌ക്രീനുകളിൽ നിന്നും മാറ്റി കഥയിലേക്കും കവിതയിലേക്കും കളികളിലേക്കും കുട്ടികളെ തിരിച്ചു കൊണ്ടുവരുന്നതിന് മാതാപിതാക്കളും ശ്രദ്ധിക്കണം. സമ്മർ സ്‌കൂളുകളുടെ വൈവിധ്യമുള്ള ഉള്ളടക്കം ഇതിന് സഹായകമാകുന്ന രീതിയിലാണ് അവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.


ഇന്നത്തത്തെ സമൂഹത്തിൽ കുട്ടികൾ വീടിനകത്ത് ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. സ്‌ക്രീനുകളിലൂടെ മാത്രം കാര്യങ്ങൾ അനുഭവിക്കുമ്പോൾ കുട്ടികളിൽ വൈകാരികമായ അടുപ്പവും ഊഷ്മളതയും നഷ്ട്ടപ്പെടുന്നുണ്ട്. ആധുനികമായ ഇത്തരം സാഹചര്യങ്ങൾ കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു. കുട്ടികളെ കൃത്യമായി വാർത്തെടുക്കുന്നതിൽ സമൂഹത്തിനു വളരെ പ്രധാന ദൗത്യമാണുള്ളത്. അക്രമങ്ങൾക്കെതിരെയും ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിലും പ്രവർത്തനത്തിലും കേരളം ലോകത്തിന് മാതൃകയാവുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെയ് 9 വരെയാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സമ്മർ സ്‌കൂൾ നടക്കുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Home