അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കുട്ടി പീഡനത്തിന് ഇരയായ സംഭവം; ബന്ധു റിമാൻഡിൽ

കോലഞ്ചേരി: അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാലുവയസുകാരി പീഡനത്തിനിരയായെന്ന കേസിൽ പ്രതി റിമാൻഡിൽ. കുഞ്ഞിന്റെ അടുത്ത ബന്ധുവായ പ്രതിയെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ മുവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ഇയാളെ ചോദ്യം ചെയ്‌ത് വരികയായിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചോദ്യം ചെയ്തത്. പിന്നീട് പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി പുത്തൻകുരിശ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അച്ഛന്റെ അടുത്തബന്ധുവിനെ കസ്‌റ്റഡിയിലെടുത്തത്. മറ്റുചിലരെയും ചോദ്യം ചെയ്‌തിരുന്നെങ്കിലും വൈകിട്ടോടെ വിട്ടയച്ചു. പുതിയ വിവരങ്ങളുടെ പശ്‌ചാത്തലത്തിൽ കുട്ടിയുടെ അച്ഛനെയും റിമാൻഡിലുള്ള അമ്മയെയും ചോദ്യം ചെയ്യും.
തിങ്കൾ രാത്രിയാണ് മൂഴിക്കുളം പാലത്തിനുമുകളിൽനിന്ന് അമ്മ കുട്ടിയെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞുകൊന്നത്. ചൊവ്വ പുലർച്ചെ 2.15 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടി മരിച്ച ദിവസം രാവിലെയും ക്രൂര പീഡനത്തിന് ഇരയായെന്നാണ് വിവരം.
കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് അറസ്റ്റിലായ ബന്ധുവും താമസിച്ചിരുന്നത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട പാടുകളും മുറിവുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു.
കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. കുഞ്ഞിന്റെ അമ്മ റിമാൻഡിലാണ്. അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ മൊഴി നൽകിയിരുന്നു. അവർ ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരോശോധിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഭർതൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്.









0 comments