അവൾ ഇനി കേരളത്തിന്റെ 'നിധി'; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോകുമ്പോൾ മൂന്നാഴ്ചമാത്രമായിരുന്നു അവളുടെ പ്രായം. മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി' പോലെ കാത്തുരക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇനി അവൾ കേരളത്തിന്റെ 'നിധി'യാണ്. ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം ഇന്ന് രാവിലെ കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷായുടെ അഭ്യർഥനമാനിച്ച് ആരോഗ്യമന്ത്രി വീണാ ജോർജാണ് "നിധി' എന്ന് പേരിട്ടത്.
‘‘നിധിയെ പിരിയാൻ ഞങ്ങൾക്ക് മടിയാണ്. ഇവിടെ കൊണ്ടുവരുമ്പോൾ ഒരു ഞെരുക്കം മാത്രമുണ്ടായിരുന്ന അവൾ ഇന്ന് കണ്ണു തുറക്കും, ചിരിക്കും... കൈകാൽ ഇളക്കി കളിക്കും. രണ്ടുമണിക്കൂർ ഇടവിട്ട് പാലു കിട്ടിയില്ലെങ്കിൽ കരഞ്ഞ് കുറുമ്പുകാണിക്കും’’– ജനറൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നിധിയുടെ പോറ്റമ്മമാരായ പി രമ്യയും അശ്വതി സുധാകരനും പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയെ ഏറ്റെടുത്തതെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ വിൻസെന്റ് ജോസഫ് പറഞ്ഞു. കുഞ്ഞിന് കൃത്യമായ പരിചരണം ഉറപ്പാക്കും. രക്ഷിതാക്കൾ കുഞ്ഞിനെ ആവശ്യപ്പെട്ടാൽ നിയമപ്രകാരം തീരുമാനമെടുക്കും. ജാർഖണ്ഡ് സ്വദേശികളായതിനാൽ അവിടുത്തെ ശിശുക്ഷേമ സമിതി ബന്ധപ്പെട്ടാൽ തുടർ നടപടികൾ സ്വീകരിക്കും. എറണാകുളത്തെ സിഡബ്യുസി കേന്ദ്രത്തിൽ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്നും ശിശുക്ഷേമ സമിതി ചെയർമാൻ അറിയിച്ചു.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലിചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽവച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒരുകിലോയിൽ താഴെയായിരുന്നു ഭാരമെന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവർ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ധപരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക ആരോഗ്യവകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്നപ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.
മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഓക്സിജനും രക്തവും നൽകി. ആശുപത്രിയിലെ മിൽക്ക് ബാങ്കിൽനിന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നുണ്ട്. പൂർണ ആരോഗ്യവതിയായശേഷം മൾട്ടി വിറ്റാമിനും അയൺ ഡ്രോപ്‌സും നൽകി. 37 ആഴ്ചയായപ്പോൾ രണ്ടരക്കിലോ തൂക്കവുമുണ്ട്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ എസ് വിനീതയുടെയും സ്‌പെഷ്യൽ ഓഫീസർ ഡോ. വി വിജിയുടെയും നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരാണ് കുഞ്ഞിനെ ചികിത്സിച്ചത്.









0 comments