മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് 
പുരസ്കാരം പ്രഖ്യാപിച്ചു

haritha keralam mission
വെബ് ഡെസ്ക്

Published on Sep 16, 2025, 02:04 AM | 1 min read

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് പുരസ്കാരത്തിൽ തദ്ദേശസ്ഥാപന വിഭാഗത്തിനുള്ള ഒന്നാംസമ്മാനം കണ്ണൂ ർ മുഴക്കുന്ന് പഞ്ചായത്തിന്. തുമ്പമൺ (പത്തനംതിട്ട), കാഞ്ഞിരപ്പുഴ (പാലക്കാട്) എന്നീ പഞ്ചായത്തുകൾക്കാണ്‌ രണ്ടാംസ്ഥാനം. കൊല്ലം കോർപറേഷന്റെ തീരദേശം പച്ചത്തുരുത്തിന്‌ മൂന്നാംസ്ഥാനം ലഭിച്ചു.


സമ്മാനം ലഭിച്ച മറ്റ്‌ വിഭാഗങ്ങൾ


മറ്റ്‌ സ്ഥാപനങ്ങൾ: ഒന്ന്– കണ്ണൂർ സെൻട്രൽ ജയിൽ, ട്രാവൻകൂർ ടൈറ്റാനിയം (തിരുവനന്തപുരം), രണ്ട്‌– കെഎസ്ഡിപി (ആലപ്പുഴ), മൂന്ന്‌– നല്ലൂർനാട് കാൻസർ കെയർ‍ സെന്റർ (വയനാട്).


​ചൊവ്വാഴ്‌ച ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് നവകേരളം കർമ പദ്ധതിയുടെ സംസ്ഥാന കോ–ഓർഡിനേറ്റർ ഡോ. ടി എൻ സീമ, പ്രൊഫ. ഇ കുഞ്ഞുകൃഷ്ണൻ, ‍ഡോ. ടി എസ് പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട്‌ ആറിന് ടാഗോർ തിയറ്ററിൽ നടക്കുന്ന പുരസ്കാരവിതരണ ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.സ്ക്രീനിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.


സംസ്ഥാനത്ത്‌ 4030 പച്ചത്തുരുത്ത്


തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്ഥാപിച്ചത്‌ 4030 പച്ചത്തുരുത്തുകൾ. 1272.89 ഏക്കറിലായാണ്‌ തുരുത്തുകൾ സ്ഥാപിച്ചത്‌. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലുംമറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്‌ പച്ചത്തുരുത്തുകൾ സ്ഥാപിച്ചത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, ജൈവവൈവിധ്യ ബോർഡ്‌, വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണവിഭാഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിസ്ഥിതി സംഘടനകൾ, കൃഷിവകുപ്പ്‌ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ പച്ചത്തുരുത്ത്‌ സൃഷ്‌ടിക്കുന്നത്‌. കാസർകോട്‌ 854 പച്ചത്തുരുത്തുകൾ സ്ഥാപിച്ച്‌ മുന്നിലാണ്‌. തിരുവനന്തപുരം (550), പാലക്കാട്‌ (390), കൊല്ലം (308), കോട്ടയം (295), കോഴിക്കോട്‌ (272), കണ്ണൂർ (260), തൃശൂർ (245), പത്തനംതിട്ട (206), എറണാകുളം (175), മലപ്പുറം (155), ആലപ്പുഴ (134), ഇടുക്കി (108), വയനാട്‌ (78) എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ കണക്ക്‌. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിനുള്ള പ്രായോഗിക ഇടപെടൽ എന്ന നിലയിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home