യുഡിഎഫ് ഭരണത്തിന്റെ കെടുകാര്യസ്ഥതയിലാണ് ചാവക്കാട് അച്ഛന്റെയും മകന്റെയും ജീവൻ നഷ്ടമായത്
കോൺഗ്രസ് ഓർക്കുന്നുണ്ടോ ഈ അച്ഛനെയും മകനെയും

തൃശൂർ
നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്ന ആരാട്യൻ ഷൗക്കത്തും കോൺഗ്രസും ഓർക്കുന്നുണ്ടോ, യുഡിഎഫ് ഭരണകാലത്ത് ചാവക്കാട്ട് ഷോക്കേറ്റ് അച്‌ഛനും മകനും മരിച്ചത്. 2011 ആഗസ്‌ത് ഒന്നിനായിരുന്നു സംഭവം. ആര്യാടൻ ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നു അന്ന് വൈദ്യുതി മന്ത്രി. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് കരുവള്ളി വീട്ടിൽ സുധീഷും രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന വാസുദേവും മരിച്ചത്. മകനെ സ്‌കൂളിൽ വിടാൻ പോകുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയ സുധീഷിന് ഷോക്കേൽക്കുകയായിരുന്നു. തെക്കൻ പാലയൂരിൽ തിരക്കേറിയ മാഞ്ചു ബസാറിലായിരുന്നു അപകടം. ഇവിടെ വൈദ്യുതി കമ്പി പൊട്ടി വീണിട്ടുണ്ടെന്ന് അറിയിച്ചിട്ടും കെഎസ്‌ഇബി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. അതാണ് രണ്ടുപേരുടെ ജീവനെടുത്തത്.
നിലമ്പൂരിലെ മരണത്തിൽ ‘ഇത് എൽഡിഎഫ് സർക്കാർ സ്‌പോൺസർ ചെയ്ത ദുരന്തം’ എന്ന് ആര്യാടൻ ഷൗക്കത്തും കോൺഗ്രസ് നേതാക്കളും പറഞ്ഞപോലെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം പറഞ്ഞില്ല. മറിച്ച് ദുരന്തത്തിന് ഇരയായ കുടുംബത്തിനെ ആശ്വസിപ്പിച്ചു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും പ്രവർത്തിച്ചു.
ആ സംഭവം രാഷ്‌ട്രീയവൽക്കരിക്കാതെ വീട്ടുകാരെ സഹായിക്കാൻ പരിശ്രമിക്കുകയാണ് ചെയ്‌തതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. മന്ത്രിയെ പോയിക്കണ്ട് കുടുംബത്തിന് ആവശ്യമായ സഹായം എത്തിക്കാനായാണ് പ്രയത്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൾഖാദർ.
കുടുംബത്തിന് വരുമാനം ഉറപ്പാക്കാൻ ഭാര്യ സുജയ്‌ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജോലി നൽകി. ഇപ്പോൾ കോൺഗ്രസ് നടത്തുന്ന രാഷ്‌ട്രീയ പൊറാട്ട് നാടകം പോലെ മന്ത്രിയുടെയും പാർടി നേതാക്കളുടെയും കാർ തടഞ്ഞ് മരണം മുതലെടുക്കാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments