വന്യമൃഗശല്യം: സിപിഐ എം ഡിഎഫ്‌ഒ ഓഫീസ് മാർച്ച് ഇന്ന്

കോന്നി: മലയോര മേഖലയിൽ രൂക്ഷമായവന്യ മൃഗശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത വനപാലകർക്കെതിരെ സിപിഐ എം കോന്നി, കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. രാവിലെ 10ന് കോന്നി ചന്തമൈതാനിയിൽ നിന്നാണ് ബഹുജന മാർച്ച് ആരംഭിക്കുന്നത്.
മലയോരമേഖലയിലെ ജനങ്ങൾക്ക് കൃഷി ചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷിയിടങ്ങളിൽ ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കൊക്കാത്തോട്ടിലടക്കം ആനയുടെയും കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനടക്കം നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ പോകുന്ന യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കുകളോടെ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മലയോര മേഖലയിലെ കർഷകരുടെ വരുമാനമാർഗമായ കൃഷി വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുമ്പോഴും അർഹമായ നഷ്‌ടപരിഹാരം നൽകാൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ല.
മനുഷ്യജീവനുപോലും ഭീഷണിയായി തുടരുന്ന വന്യമൃഗശല്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടി സ്വീകരിക്കാതെ ഇത് ചൂണ്ടിക്കാട്ടുന്ന സാധാരണക്കാർക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്ത് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. നിരപരാധികളെ അന്യായമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ വെക്കുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം സിപിഐഎ മ്മിന്റെ നേതൃത്വത്തിൽ നടത്തും. ബഹുജന മാർച്ച് വിജയമാക്കാൻ സിപിഐ എം കോന്നി ഏരിയാ ആക്‌ടിങ് സെക്രട്ടറി വർഗീസ് ബേബി അഭ്യർഥിച്ചു. ബഹുജന മാർച്ചും പ്രതിഷേധയോഗവും സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു മാർച്ചും സമരവും ഉദ്ഘാടനം ചെയ്യും.









0 comments