എ ഗ്രൂപ്പ് സജീവമാകുന്നു; നേതാക്കളായി ചാണ്ടി ഉമ്മനും വിഷ്‌ണുനാഥും

തിരുവനന്തപുരം
മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ചാണ്ടി ഉമ്മന്റേയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തിൽ എ ഗ്രൂപ്പ് സജീവമാകുന്നു. പഴയ ഐ ഗ്രൂപ്പുകാരനായ വി ഡി സതീശന്റെ കൈപ്പിടിയിലേക്ക് പാർടി പൂർണമായും പെട്ടുപോകാതിരിക്കാനാണ് ആസൂത്രിത നീക്കം. ബെന്നി ബെഹ്‌നാൻ, എം എം ഹസ്സൻ, കെ സി ജോസഫ് എന്നിവരുടെ ആശീർവാദത്തോടെയാണിത്. ചാണ്ടി ഉമ്മൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
എല്ലാ കാലത്തും ഗ്രൂപ്പുണ്ടായിട്ടുണ്ടെന്നും അത് കോൺഗ്രസിന് ഗുണമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് ന്യായീകരണം. സി ആർ മഹേഷ്, റോജി എം ജോൺ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും ഈ ടീമിന്റെ ഭാഗമാണ്. ഇവർ പ്രാഥമിക യോഗം ചേർന്നതായാണ് വിവരം. കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പുതിയ നേതൃത്വത്തെ ചോദ്യംചെയ്താണ് എ ഗ്രൂപ്പിന്റെ ശക്തിപ്പെടൽ. ഉമ്മൻചാണ്ടിയെ അവസാന സമയത്ത് ചതിച്ചവർക്കെതിരായ പ്രതികാരവും പിന്നിലുണ്ട്.
എന്നാൽ, കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾഇതിൽ അതൃപ്തി പരസ്യമാക്കി. പുതിയ നേതൃനിരയും അധികാര കേന്ദ്രവും പുതുപ്പള്ളി കേന്ദ്രീകരിച്ച് വരുന്നതിനോട് ചിലർക്ക് താൽപര്യമില്ല. കെപിസിസി പുനഃസംഘടനയിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്നതിൽ കടുത്ത രോഷമുള്ള ബെന്നി ബെഹ്‌നാൻ അടക്കമുള്ള നേതാക്കൾ ചാണ്ടി ഉമ്മനോടൊപ്പമുണ്ട്. കെപിസിസി ക്രൈസ്തവ വിഭാഗത്തിന് പരിഗണന നൽകാൻ സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയെങ്കിലും മധ്യകേരളത്തിലെ പ്രബല സഭകൾ അതംഗീകരിച്ചിട്ടില്ല. ഇവരുടെ രോഷവും എ ഗ്രൂപ്പ് സജീവമാകുന്നതിന് പിന്നിലുണ്ട്.









0 comments