യുവജനസമ്പർക്ക പരിപാടിക്ക് എത്തിയില്ല ; ചാണ്ടി ഉമ്മനെതിരെ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്
യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജനസമ്പർക്ക പരിപാടി, സ്ഥലത്തുണ്ടായിട്ടും ചാണ്ടി ഉമ്മൻ ബഹിഷ്‌കരിച്ചതിനെതിരെ പരസ്യ പ്രസ്‌താവനയുമായി ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. രാവിലെ വിളിച്ചപ്പോൾ എത്താമെന്നാണ് ചാണ്ടി ഉമ്മൻ അറിയിച്ചതെന്നും വരാതിരുന്നത് ശരിയായില്ലെന്നും ബോധപൂർവമാണെങ്കിൽ അന്വേഷിക്കുമെന്നും പ്രവീൺകുമാർ മാധ്യമങ്ങളോട് പ റഞ്ഞു.
സംഭവം വിവാദമായതോടെ ചാണ്ടി ഉമ്മൻ ഡിസിസി പ്രസിഡന്റിനെതിരെ രംഗത്തെത്തി.
പ്രശ്‌നം പാർടിയിൽ തീർത്തോളാമെന്നും മാധ്യമപ്രവർത്തകരോട് പറയേണ്ടതില്ലെന്നും അദ്ദേഹം നീരസം പ്രകടിപ്പിച്ചു. ദുബായിൽനിന്ന് ബുധൻ വെളുപ്പിനാണ് കോഴിക്കോട്ടെത്തിയത്. രമ്യ ഹരിദാസാണ് വരാനിരുന്നത്. മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടില്ലെന്നും സാഹചര്യം ഒക്കുകയാണെങ്കിൽ വരാമെന്നാണറിയിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പരിപാടിയുടെ പോസ്‌റ്ററും ഫോണിലൂടെ മാധ്യമപ്രവർത്തകരെ കാണിച്ചു.
ഡിസിസി ഓഫീസിലെത്തിയ ചാണ്ടി ഉമ്മൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി തിരിച്ചുവരുമ്പോഴും നിലപാട് ആവർത്തിച്ചു. ഡിസിസി പ്രസിഡന്റ് ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടിയിൽ ഡിസിസിയല്ലല്ലോ ക്ഷണിക്കുന്നതെന്നും പ്രവീൺകുമാറിനെ നിർത്തി ചാണ്ടി ഉമ്മൻ പറഞ്ഞു. വരാൻ പറ്റാത്ത സാഹചര്യം അന്വേഷിക്കണമെന്നാണ് പറഞ്ഞതെന്നും എംഎൽഎയോട് വിശദീകരണം ചോദിക്കാൻ താനാരുമല്ലെന്നും പ്രവീൺകുമാർ പ റഞ്ഞു.









0 comments