കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തിന് രാഷ്ട്രീയ മറുപടി നൽകണം: തോമസ് ഐസക്

THOMAS ISAC
വെബ് ഡെസ്ക്

Published on Aug 31, 2025, 11:38 AM | 1 min read

തൃശൂർ: രാഷ്ട്രീയ താൽപര്യത്തോടെ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തിന് രാഷ്ട്രീയ മറുപടിയാണ് നൽകേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ദേശാഭിമാനി തൃശൂർ എഡിഷൻ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിപ്പിച്ച് സംഘടിപ്പിക്കുന്ന തൃശൂർ പെരുമയുടെ ഭാഗമായി നടന്ന സിമ്പോസിയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രം വിലങ്ങിടുമ്പോൾ ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ.


ഓരോ സംസ്ഥാനവും ദീർഘകാലത്തെ ചരിത്ര പരിണാമത്തിൻ്റെ ഫലമായി രൂപം കൊണ്ടതാണ്. രാജ്യത്ത് അർധ ഫെഡറൽ സംവിധാനമായിരുന്നു. കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കാൻ ഫെഡറൽ സംവിധാനം വഴി അവകാശമുണ്ടായി. തൊഴിൽ നിയമങ്ങളുണ്ടാക്കാനും ക്ഷേമപദ്ധതികൾ നടപ്പാക്കാനും അവകാശം ലഭിച്ചു. 1957ലെ ഇ എം എസ് സർക്കാർ വിദ്യാഭ്യാസത്തിന് 32 ശതമാനം ചെലവിട്ടു. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ജനജീവിതം മെച്ചപ്പെടുത്താൻ ഫെഡറലിസം അനിവാര്യമാണ്. ഫെഡറലിസം ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ല.


ദേശീയ പ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യമാണ് ഫെഡറലിസം. എന്നാൽ ഭരണഘടനയിൽ ഈ കാഴ്ചപ്പാട് പൂർണമായും പ്രതിഫലിച്ചില്ല. വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യത്തിനാണ് ഊന്നൽ നൽകിയത്. എന്നിരുന്നാലും സംസ്ഥാനങ്ങൾക്ക് പല അധികാരങ്ങളും നൽകി. ഇന്നാകട്ടെ കേന്ദ്രീകരണമാണ്. ഫെഡറലിസം അംഗീകരിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുക്കുന്നു. വായ്പ എടുക്കുന്നതിൽ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നു.


ചെലവ് നിയന്ത്രിക്കാത്തതല്ല സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സംസ്ഥാന സർക്കാരിൻ്റെ തനതു വരുമാനം എൽഡിഎഫ് സർക്കാരിൻ്റെ ആദ്യവർഷത്തെക്കാൾ 70 ശതമാനം കൂടുതലാണ്. കേന്ദ്ര സഹായം അന്നത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. കേന്ദ്ര വായ്പയാകട്ടെ നാലിലൊന്നായി. സംസ്ഥാന സർക്കാരിൻ്റെ ചെലവ് വർഷന്തോറും അഞ്ച് ശതമാനം വീതമാണ് വർധിക്കുന്നത്. കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നിലപാടിന് രാഷ്ട്രീയ മറുപടിയാണ് വേണ്ടത് -തോമസ് ഐസക് പറഞ്ഞു.


സി പി ഐ നേതാവ് വി എസ് സുനിൽകുമാർ, ലതിക സുഭാഷ് (എൻസിപി) എന്നിവർ സംസാരിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു അധ്യക്ഷനായി. എം ബാലാജി സ്വാഗതവും ഐ പി ഷൈൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home