മൂക്കൊലിപ്പല്ല; സിഎസ്‌എഫ് റൈനോറിയയെ കരുതണം

എം ജഷീന
Published on Sep 03, 2025, 01:01 AM | 1 min read
കോഴിക്കോട്
മൂക്കിൽനിന്ന് വെള്ളമൊലിക്കുന്ന സിഎസ്‌എഫ് (സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ്) റൈനോറിയ അസുഖമുള്ളവരിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം എളുപ്പത്തിൽ വരാൻ സാധ്യത. ജലദോഷമുണ്ടാകുമ്പോൾ വരുന്ന സ്രവത്തിൽനിന്ന് വ്യത്യസ്‌തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളിൽ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുർബലമായ ഇൗ ഭാഗം പൊട്ടിയാൽ ഇതുവഴി അമീബ പോലുള്ള അണുക്കൾ എളുപ്പത്തിൽ അകത്തേക്ക് പ്രവേശിക്കും. അത് പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേൽക്കുന്നവരിൽ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്‌എഫ് (സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ്) റൈനോറിയ വരാൻ സാധ്യതയുണ്ട്. ഇതുള്ളവരിൽ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരിൽ മൂന്നുപേർക്ക് സിഎസ്‌എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്‌ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു. ഇത്തരം അസുഖമുള്ളവർ ചികിത്സ തേടി ശസ്‌ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കുന്നു.









0 comments