ശ്രീചിത്രയിലെ ശസ്‌ത്രക്രിയ പ്രതിസന്ധി: അമൃത് ഫാർമസിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങും

സ്വന്തം ലേഖിക
Published on Jun 10, 2025, 12:01 AM | 1 min read
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന് കീഴിലുള്ള ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്റർവെൻഷണൽ റോഡിയോളജി ശസ്‌ത്രക്രിയകൾ മാറ്റിവച്ച സംഭവത്തിനു പിന്നിൽ അധികൃതരുടെ അനാസ്ഥ. ഡോക്ടർമാർ മാസങ്ങൾക്ക് മുമ്പ് ഉപകരണങ്ങളുടെ ദൗർലഭ്യം ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാൽ നടപടി കടലാസിലൊതുങ്ങി. ശസ്‌ത്രക്രിയകൾ മുടങ്ങി പ്രതിഷേധങ്ങൾ ശക്തമായതോടെ എച്ച്‌എൽഎല്ലിന്റെ അമൃത് ഫാർമസിയിൽനിന്ന് ശസ്‌ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചു.
അമൃത് ഫാർമസിയുമായി ഇതു സംബന്ധിച്ച ധാരണപത്രം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒപ്പിടും. ജെം പോർട്ടൽ വഴി മാത്രമേ ശസ്‌ത്രക്രിയ ഉപകരണങ്ങൾ വാങ്ങാവൂയെന്നാണ് കേന്ദ്ര നിർദേശം.
ചൊവ്വ മുതൽ ശസ്‌ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ശസ്‌ത്രക്രിയ മാറ്റിവച്ച രോഗികളെ വിളിച്ച് മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദ്ദേശം നൽകി. എന്നാൽ ഈ തീരുമാനത്തിലൂടെ ചികിത്സാ സാമഗ്രികൾ വാങ്ങുന്നത് രോഗികളുടെ ഉത്തരവാദിത്വമായി മാറുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ശസ്‌ത്രക്രിയകൾ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
കരാർ പുതുക്കിയില്ല; ഉപകരണ വിതരണം തടസപ്പെട്ടിട്ട് രണ്ടുവർഷം
കരാർ പുതുക്കാതെ ശസ്‌ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് കമ്പനികൾ നിലപാടെടുത്തതോടെയാണ് ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടായത്. 2023നുശേഷം കരാർ പുതുക്കിയിരുന്നില്ല. എന്നാൽ കമ്പനികളുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ആശുപത്രി അധികൃതർ മുന്നോട്ടുപോയി. ഇതോടെയാണ് സാധാരണക്കാരായ രോഗികർ വലഞ്ഞത്. പ്രതിസന്ധി രൂക്ഷമായതോടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിയുടെ ആവശ്യപ്രകാരമാണ് തിങ്കളാഴ്‌ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എത്തിയതെന്നാണ് വിവരം. പർച്ചേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥരുമായും അമൃത് ഫാർമസി അധികൃതരുമായും ചർച്ച നടത്തിയ ശേഷം കേന്ദ്രമന്ത്രി വകുപ്പ് മേധാവികളെയും വിളിച്ചുവരുത്തി. തുടർന്നാണ് അമൃത് ഫാർമസിയെ ഉപകരണ വിതരണത്തിന് ചുമതലപ്പെടുത്തിയത്.









0 comments