കേന്ദ്രത്തിന്റെ തൊഴിൽ കോഡ് പരിഷ്കരണം; തൊഴിലാളി വിരുദ്ധ നിലപാട് കേരളം കൈക്കൊള്ളില്ല: മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Nov 22, 2025, 04:19 PM | 1 min read

തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴിൽ കോഡ് പരിഷ്കരണം നടപ്പിലാക്കുമ്പോൾ കേരളം തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംബന്ധിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ കോഡ് പരിഷ്കരണം സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്. കേരളത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.


തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം ലക്ഷ്യം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക.


കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം കേരളത്തിലെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തും. കേരളത്തിലെ ഓരോ തൊഴിലാളിക്കും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home