ചക്രവാതച്ചുഴി, ന്യുനമർദം: കേരളത്തിൽ വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

weather nov 22
വെബ് ഡെസ്ക്

Published on Nov 22, 2025, 04:41 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 22 - 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത . ശനിയാഴ്ച മുതൽ ബുധനാഴ്ചവരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്.


അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.


കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി (cyclonic circulation) സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദം (Low Pressure ) രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തിങ്കളാഴ്ചയോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യുനമർദമായി (Depression) ശക്തിപ്പെടാനാണ് സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.


അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.



deshabhimani section

Related News

View More
0 comments
Sort by

Home