H5N5 വ്യതിയാനം മനുഷ്യരിൽ ആദ്യം

വാഷിങ്ടണിൽ മനുഷ്യരിലെ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട് ചെയ്തു

bird flue
വെബ് ഡെസ്ക്

Published on Nov 22, 2025, 04:40 PM | 2 min read

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്ത് മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം സംഭവിച്ചതായി റിപ്പോർട്. ഗ്രേയ്സ് ഹാർബർ കൌണ്ടിയിൽ വയോധികന്‍റെ മരണം ഇതേ വൈറസ് ( H5N5 avian influenza) ബാധിച്ചാണെന്ന് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.


വാഷിങ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പിന്റെ വിവരമനുസരിച്ച്, മരിച്ച വ്യക്തിക്ക് മുമ്പ് തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തു പക്ഷികളും കോഴികളും ഉൾപ്പെടെ ഒരു മിശ്ര ക്ഷീര-പക്ഷി കന്നുകാലി കൂട്ടത്തെ വളർത്തുന്ന വ്യക്തിയാണ്. നവംബർ ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ തന്നെ ഗുരുതരമായി രോഗബാധിതനായിരുന്നെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് സ്കോട്ട് ലിൻഡ്ക്വിസ്റ്റ് അറിയിച്ചു.


രോഗബാധയെ തുടർന്നുള്ള ആരോഗ്യ വകുപ്പ് പരിശോധനയ്ക്കിടെ വീടിനോട് ചേർന്നുള്ള പരിസരത്തിൽ H5N5 വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്ന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.


പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണി ഇല്ലെന്ന് സിഡിസി (Centers for Disease Control and Prevention) അറിയിച്ചു. രോഗിയുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വീട്ടിലെ പക്ഷിമൃഗാദികളോട്  സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.


H5 കുടുംബത്തിൽ പെട്ടതാണെങ്കിലും മുൻപ് മനുഷ്യരിൽ കണ്ടിട്ടുള്ള H5N1-നും H5N5-നും തമ്മിൽ വ്യത്യാസമുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. H5N5 ഇതുവരെ പ്രധാനമായും വന്യ മേഖലകളിലെ പക്ഷികളിലും ചില വളർത്തു പക്ഷികളിലുമാണ് കണ്ടെത്തിയിരുന്നത്. H5N1 സ്ട്രെയിനിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരിൽ H5N5 അണുബാധകൾ വളരെ അപൂർവമാണ്. ഈ സ്ട്രെയിനിന്റെ ജനിതക വ്യതിയാനത്തിനും പരിവർത്തനം ചെയ്യാനുള്ള കഴിവും പക്ഷെ ആശങ്ക ഉയർത്തുന്നു.


കഴിഞ്ഞ വർഷം ആദ്യം അമേരിക്കയിലെ ക്ഷീരസംഘങ്ങളിൽ H5N1 വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം 2024 ലും 2025 ലും 70 ഓളം ആളുകളെ ഇത് ബാധിച്ചു.


മനുഷ്യരിലേക്കുള്ള H5N5 പകർച്ച വൈറസിന്റെ പരിണാമത്തിന് സൂചന നൽകുന്നതാവാം എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം ഉണ്ടായ കേസുകളിൽ കൂടുതലും H5N1 ആയിരുന്നു.


വൈറസ് മനുഷ്യരിലേക്ക് പകരാൻ എന്താണ് കാരണമെന്നതിന് ജീനറ്റിക് വിശകലനം നടത്തുമെന്ന് ആരോഗ്യ ഏജൻസികൾ അറിയിച്ചു. പശുക്കളിലും മറ്റ് പക്ഷികളിലും H5N5 വ്യാപനമുണ്ടോ എന്ന് കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home