തദ്ദേശ തെരഞ്ഞെടുപ്പ്
എൽഡിഎഫ് കുതിക്കുന്നു: നാലിടത്ത് കൂടി എതിരില്ല; ജയം പത്തായി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ സൂക്ഷ്മപരിശോധന പൂർത്തിയായതോട നാലിടത്ത് കൂടി എല്‍ഡിഎഫിന് എതിരില്ലാതെ ജയം. കണ്ണൂരിൽ മൂന്നിടത്തും കാസർകോട് ഒരിടത്തുമാണ് ജയിച്ചത്. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ കോവുന്തല വാർഡിലും കണ്ണപുരത്തെ മൂന്നാം വാർഡിലും പത്താം വാർഡിലും കാസർകോട് മടിക്കൈ പഞ്ചായത്തിലെ പത്താം വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. ഇതോടെ പത്തിടത്ത് എൽഡിഎഫ് ജയിച്ചു. ഇന്നലെ കണ്ണൂരിലെ ആന്തൂർ നഗരസഭ, മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലായി ആറ് തദ്ദേശ വാർഡിലെ എൽഡിഎഫിൻ്റെ എതിരാല്ലാത്ത ജയിച്ചിരുന്നു.
മലപ്പട്ടം പഞ്ചായത്തിൽ കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് എൽഡിഎഫ് സ്ഥാനാർഥി എം വി ഷിഗന എതിരില്ലാതെ വിജയിച്ചത്. കണ്ണപുരം പഞ്ചായത്തിലെ പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശം പത്രിക തള്ളിയതോടെ എൽഡിഎഫിലെ പ്രേമ സുരേന്ദ്രനും മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ എൽഡിഎഫ് സ്ഥാനാർഥി കെ വി സജിനയുമാണ് ജയിച്ചത്. കാസർകോട് മടിക്കൈ പഞ്ചായത്തിൽ ബിജെപിയിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് എൽഡിഎഫ് സ്ഥാനാർഥി സി വി ശാന്തിനി എതിരില്ലാതെ ജയിച്ചത്.
കരുത്ത് കാട്ടി മലപ്പട്ടം
മലപ്പട്ടം പഞ്ചായത്തിൽവനിതാ സംവരണ വാർഡായ കോവിവുന്തലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച പി നിത്യശ്രീയുടെ നാമനിർദ്ദേശപത്രിയിലാണ് തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥാനാർത്ഥിയെ വിളിച്ചുവരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ വച്ച് മറ്റൊരു പേപ്പറിൽ ഒപ്പ് ഇട്ടു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. നിത്യശ്രീ സമർപ്പിച്ച നോമിനേഷനിലെ ഒപ്പും ആർഓയുടെ മുന്നിൽ വച്ച് ഇട്ടു നൽകിയ ഒപ്പും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതോടെ നാമനിർദ്ദേശപത്രിക തള്ളുകയായിരുന്നു.
അഭിമാനമായി കണ്ണപുരം
കണ്ണപുരംപഞ്ചായത്ത് പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ ഗ്രേസി സത്യപ്രതിജ്ഞയിൽ നേരിട്ട് എത്തി ഭരണാധികാരിക്ക് മുന്നിലോ ഉപവരണാധികാരിക്ക് മുന്നിലോ സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാത്തതിനാലാണ് പത്രിക അസാധുവായത്. നേരിട്ടെത്തി സത്യവാചകം ചൊല്ലിയ ശേഷം ഒപ്പിട്ട് നൽകണമെന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നടപടിക്രമം. എന്നാൽ ഗ്രേസി മറ്റൊരാളുടെ കയ്യിൽ സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയക്കുകയയായിരുന്നു. സൂക്ഷ്മപരിശോധനാ സമയത്തും ഹാജരായില്ല. സൂക്ഷ്മ പരിശോധനക്ക് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാൻ അവസരം നൽകിയെങ്കിലും ഗ്രേസി സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാകാത്തതോടെയാണ് ഭരണാധികാരി പത്രിക തള്ളിയത്.
സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ പ്രേമാ സുരേന്ദ്രൻ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് നിലവിലെ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയംഗമാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാപ്പിനിശേരി ഏരിയാ വൈസ് പ്രസിഡന്റും കണ്ണപുരം ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയും ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ മൊട്ടമ്മൽ യൂണിറ്റ് സെക്രട്ടറിയുമാണ്. പത്ത് വർഷം കണ്ണപുരം പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണായും പ്രവർത്തിച്ചിരുന്നു. കണ്ണപുരം മാറ്റാങ്കീൽ സ്വദേശിയാണ്.
കണ്ണപുരത്തെ മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഷെറി ഫ്രാൻസിസാണ് പത്രിക പിൻവലിച്ചത്. യുഡിഎഫിന്പത്രിക നൽകാൻ ആളില്ലാത്തതിനാൽ കണ്ണപുരത്തെ രണ്ട് വാർഡിൽ എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണപുരം 13-ാം വാർഡിൽ പി രീതിയും 14-ാം വാർഡിൽ പി വി രേഷ്മയും ആണ് തെരഞ്ഞെടുക്കപ്പെട്ടത് ഇരുവരും സിപിഐഎം പ്രതിനിധികളാണ്.








0 comments