ആഷസ് പരമ്പര: ട്രാവിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിൽ ഓസ്ട്രേലിയക്ക് അനായാസ വിജയം

പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എളുപ്പത്തിൽ ജയിച്ചുകയറി ഓസ്ട്രേലിയ. മത്സരത്തിന്റെ രണ്ടാം ദിവസം 205 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 28.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ(123) വെടിക്കെട്ട് സെഞ്ചുറിയാണ് ടീമിനെ തകർപ്പൻ വിജയത്തിലെത്തിച്ചത്.
ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് മുന്നിലെത്തി. ഇംഗ്ലണ്ട്: 172, 164, ഓസ്‌ട്രേലിയ: 132, 205-2. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഓസ്ട്രേലിയയുടെ ഉജ്വല തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരമായി.49 പന്തിൽ 51 റൺസടിച്ച മാർനസ് ലബുഷെയ്ൻ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 40 റൺസ് ലീഡ് നേടിയിരുന്നു. രണ്ടാംദിനം രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 34.4 ഓവറിൽ 164 റൺസിനാണ് പുറത്തായത്. ഇതോടെ ഓസീസിന് 205 റൺസിന്റെ വിജയലക്ഷ്യമായി. നാലുവിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടും മൂന്നുവിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കുമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് കഥകഴിച്ചത്.
ആദ്യ ഇന്നിങ്‌സിലെ ഏഴുവിക്കറ്റടക്കം സ്റ്റാർക്കിന് ടെസ്റ്റിൽ ആകെ പത്തുവിക്കറ്റായി. 37 റൺസെടുത്ത ഗുസ് അറ്റ്കിൻസാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ഒലീ പോപ്പ് (33), ബെൻ ഡക്കറ്റ് (28), ബ്രൈഡൻ കഴ്‌സ് (20) എന്നിങ്ങനെയാണ് ടീമിന്റെ മറ്റു സ്‌കോറുകൾ.
ഇന്നിങ്സിലെ ആദ്യ ആറോവറുകളിലെ എല്ലാ പന്തുകളും 140 ലധികം വേഗതയിലാണ് സ്റ്റാർക്ക് എറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.100 വർഷത്തിനിടയിൽ രണ്ടാം ദിവസം കളികഴിയുന്ന ആദ്യ ആഷസ് ആയി കൂടി ഈ മത്സരം മാറിയിരിക്കുന്നു








0 comments