'വർഗീയതയോട് വിട്ടുവീഴ്ചയില്ല'; ജമാ അത്തെ ഇസ്ലാമി ശ്രമിച്ചത് സിപിഐ എം ന്യൂനപക്ഷത്തിന് എതിരാണെന്ന് വരുത്താൻ- മുഖ്യമന്ത്രി

തിരുവനന്തപുരം: മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണമെന്നും മതനിരപേക്ഷതയുടെ വക്താവായാൽ വർഗീയതയുടെ എതിരാളിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിപിഐ എം ന്യൂനപക്ഷത്തിന് എതിരാണെന്ന പ്രതീതി സൃഷ്ടിക്കാൻ ജമാ അത്തെ ഇസ്ലാമി പരിശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘കേരളത്തിൽ കുറെക്കാലം മുമ്പ് ന്യൂനപക്ഷത്തിന് ഞങ്ങളോട് വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല. പിന്നീട് ഇതിൽ മാറ്റം വന്നു. നല്ല ബന്ധമായി മാറി. അത് തിരിച്ചറിഞ്ഞ ജമാഅത്തെ ഇസ്ലാമി, കഠിനമായ സിപിഐ എം വിരുദ്ധ നിലപാടുമായി രംഗത്തെത്തി. ഞങ്ങൾ ഇത് തുറന്നു കാണിച്ചു. അതിനാൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണത്തിന് മുസ്ലീം വിഭാഗത്തിൽ വലിയ സ്വാധീനം ചെലുത്താനായില്ല. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നോക്കി പിന്തുണ നൽകുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്‌തത്. ഒരിക്കൽ പൊന്നാനിയിൽ എം പി ഗംഗാധരനും ടി കെ ഹംസയും തമ്മിൽ മത്സരിച്ചപ്പോൾ അവർ ഗംഗാധരനാണ് പിന്തുണ നൽകിയത്.
കേരളത്തിൽ യുഡിഎഫ് ദുർബലമായതോടെ അവർക്ക് പിന്തുണ നൽകി. കോൺഗ്രസും ലീഗും അവരെ സ്വീകരിച്ചെങ്കിലും ആദ്യം രഹസ്യമായിരുന്നു പിന്തുണ. ഇപ്പോൾ അത് പരസ്യമായി. പഴയതുപോലെയല്ല. ജങ്ങൾക്ക് കാര്യങ്ങൾ വേർതരിച്ച് മനസിലാക്കാൻ കഴിയും. സിപിഐ എമ്മിനെതിരായ പ്രചാരണം കൊണ്ട് ഞങ്ങളെ ആകെ തകർത്തുകളയാമെന്ന് വ്യാമോഹിക്കേണ്ട. ന്യൂനപക്ഷ താൽപര്യങ്ങൾക്കൊപ്പം നിന്നിട്ടുള്ളത് സിപിഐ എം ആണെന്ന് ജനം കാണുന്നുണ്ട്.’’
ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ശത്രുവാകുന്നത് മതനിരപേക്ഷതയുടെ വക്താവായതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ വക്താവ് വർഗീയതയുടെ എതിരാളിയാകും. വർഗീയതയ്ക്ക് പലരൂപങ്ങളുണ്ട്. അതിൽ ഒന്ന് ക്രെൈസ്തവ വിഭാഗത്തിൽ ആർഎസ്എസ് സ്വാധീനത്തോടെ നടക്കുന്നുണ്ട്. ക്രെൈസ്തവ വിഭാഗത്തിലെ ഒരു കൂട്ടം ആർഎസ്എസുമായി സഹകരിക്കുന്ന ആപത്ത് തിരിച്ചറിയാൻക്രൈസ്‌തവർക്ക് സാധിക്കേണ്ടതുണ്ട്.
രാജ്യത്ത് ന്യൂനപക്ഷത്തിനെതിരെ വലിയ വേട്ടനടക്കുമ്പോൾ ന്യൂനപക്ഷം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ന്യൂനപക്ഷത്തെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. അത് തിരിച്ചറിയാൻ ക്രൈസ്തവ മേധാവികൾക്ക് കഴിയണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. എല്ലാവർഗീയതയെയും തള്ളിപ്പറയണം. ഒരു വർഗീയതയുടെയും ഭാഗമായി മാറരുത്. നിർഭാഗ്യവശാൽ ഒരു ചെറിയവിഭാഗത്തിൽ വർഗീയ സ്വാധീനം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.








0 comments