കാർഷികമേഖലയിൽ കരിനിയമങ്ങൾ വീണ്ടും 
കൊണ്ടുവരാൻ നീക്കം: വിജൂ കൃഷ്‌ണൻ

vijoo krishnan
വെബ് ഡെസ്ക്

Published on Apr 12, 2025, 04:54 AM | 2 min read

തൃശൂർ: കർഷക പ്രക്ഷോഭത്തെത്തുടർന്ന്‌ പിൻവലിച്ച മൂന്ന്‌ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുവെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ. മഹാരാഷ്‌ട്രയിലെ ലോങ്‌ മാർച്ചിന്റെയും ഡൽഹിയിലെ കർഷക സമരത്തിന്റെയും നട്ടെല്ല്‌ സ്‌ത്രീകളായിരുന്നു. സ്‌ത്രീകൾ കർഷക സംഘത്തിന്റെ പ്രവർത്തനത്തിലും നേതൃത്വത്തിലും കൂടുതൽ മുന്നോട്ട്‌ വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷക സംഘം സംഘടിപ്പിച്ച സംസ്ഥാന വനിതാ കർഷക കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃഷി ഭൂമിയിൽ പുരുഷന്മാർക്കൊപ്പം സ്‌ത്രീകൾക്കും ഉടമസ്ഥാവകാശം നൽകണം.


രാജ്യത്തെ കർഷകരിൽ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. അവർക്ക്‌ ഭൂമിയിൽ തുല്യ അവകാശത്തിനായി സംയുക്ത പട്ടയം നൽകണമെന്നാണ്‌ കിസാൻ സഭ ആവശ്യപ്പെടുന്നത്‌. കേരളത്തിൽ നൽകുന്ന മികച്ച കൂലിയെക്കുറിച്ച്‌ അതിശയത്തോടെയാണ്‌ ഉത്തരേന്ത്യയിലെ സ്‌ത്രീകൾ സംസാരിക്കുന്നത്‌. കാളകൾക്ക്‌ പകരം സ്‌ത്രീകളെ കൊണ്ട്‌ നിലമുഴുന്ന അവസ്ഥയുണ്ട്‌ അവിടങ്ങളിൽ. എല്ലാ കൃഷിപ്പണിയും സ്‌ത്രീകൾ ചെയ്‌തിട്ടും അവർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ പോലും ലഭിക്കുന്നില്ല. മോദി സർക്കാർ കർഷകരായ സ്‌ത്രീകളെ അക്രമിക്കുന്നതാണ്‌ വിവിധ സംഭവങ്ങളിൽ കാണുന്നത്‌. ഫാസിസ്‌റ്റ്‌ അജൻഡയാണ്‌ നടപ്പാക്കുന്നത്‌. മോദി സർക്കാർ അമേരിക്കയുമായും യുറോപ്യൻ യൂണിയനുമായൂം ഉണ്ടാക്കുന്ന കരാറുകളും കർഷകരായ സ്‌ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു.


വനിതാ കർഷക കൺവെൻഷനിലുടെ കേരളം വഴികാട്ടുകയാണെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു. രാജ്യത്ത്‌ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഗണ്യമായ വിഭാഗം സ്‌ത്രീകളാണെങ്കിലും ഭൂവുടമസ്ഥതയിൽ തുല്യാവകാശമില്ലെന്ന്‌ കൺവെൻഷൻ. കടക്കെണിയിൽ ആത്മഹത്യ ചെയ്‌ത കർഷകരുടെ കൂട്ടത്തിൽ സ്‌ത്രീകളുമുണ്ട്‌. എന്നാൽ അവരുടെ കണക്ക്‌ കേന്ദ്ര സർക്കാർ മറയ്‌ക്കുന്നു. സ്‌ത്രീകളെയും കർഷകരായി അംഗീകരിക്കണമെന്നും കുടുംബശ്രീ മാതൃകയിൽ സ്‌ത്രീകളുടെ കൂട്ടായ്‌മകൾ ശക്തിപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹിളാ അസോസിയേഷൻ പ്രസിഡന്റ്‌ പി കെ ശ്രീമതി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യാ കിസാൻ സഭാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ അധ്യക്ഷയായി. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. എസ്‌ എസ്‌ നാഗേഷ്‌ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home