പട്ടികജാതി സംവരണം ഇല്ലാതാക്കാൻ കേന്ദ്ര നീക്കം: കെ രാധാകൃഷ്‌ണൻ

kr
വെബ് ഡെസ്ക്

Published on Sep 26, 2025, 03:13 PM | 1 min read

തൃശൂർ: പട്ടികജാതി – വർഗ വിഭാഗങ്ങൾക്കുള്ള സംവരണം ഇല്ലാതാക്കാനാണ്‌ കേന്ദ്ര സർക്കാർ നീക്കമെന്ന്‌ ദളിത്‌ ശോഷൻ മുക്തി മഞ്ച്‌ അഖിലേന്ത്യ പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. ചാതുർവർണ്യവ്യവസ്ഥ പുനസ്ഥാപിച്ച്‌ പിന്നോക്ക വിഭാഗങ്ങളെ പുറകോട്ടടിപ്പിക്കലാണ്‌ കേന്ദ്രസർക്കാരിന്റെയും ആർഎസ്‌എസിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കൺവൻഷൻ തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം തകർക്കുകയാണ്‌. 12ലക്ഷത്തോളം ഒഴിവുണ്ടായിട്ടും നിയമനങ്ങൾ നടത്തുന്നില്ല. നിയമനങ്ങൾ നടന്നാൽ സംവരണപ്രകാരം ആയിരക്കണക്കിന്‌ പിന്നോക്ക വിഭാഗക്കാർക്ക്‌ ജോലി ലഭിക്കും. പിന്നോക്ക വിഭാഗങ്ങൾക്ക്‌ ജനസംഖ്യാനുപാതിക ബജറ്റ്‌ വിഹിതം അനുവദിക്കുന്നില്ല. രാജ്യത്ത്‌ 16.6 ശതമാനം പട്ടികജാതി വിഭാഗക്കാരാണ്‌. എന്നാൽ 3.45 ശതമാനമാണ്‌ ബജറ്റ്‌ വിഹിതം. പട്ടികവർഗ വിഭാഗം ഒന്പത്‌ ശതമാനമാണ്‌. എന്നാൽ 2.45 ശതമാനമാണ്‌ ബജറ്റ്‌ വിഹിതം. 2014ന്‌ ശേഷം രാജ്യത്ത്‌ 89000 സ്‌കൂളുകൾ പൂട്ടി. അതുവഴി പാവപ്പെട്ടവർക്ക്‌ പഠിക്കാനുള്ള അവസരവും നഷ്ടപ്പെടുകയാണ്‌. രാജ്യത്ത്‌ ദളിതർക്കും ആദിവാസികൾക്കുമെതിരെ ആക്രമണങ്ങളും പെരുകുകയാണ്‌. കൂട്ടക്കൊലകളും കൂട്ട ബലാൽസംഘങ്ങളും വർധിക്കുന്നതായി അന്വേഷണ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്‌ ദളിത്‌ ശോഷൻ മുക്തി മഞ്ച്‌ നേതൃത്വം നൽകുകയാണ്‌.


കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ പിന്നോക്ക വിഭാഗക്കാരുടെ മുന്നേറ്റത്തിന്‌ ബഹുമുഖപദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. സംസ്ഥാനത്ത്‌ 9.1 ശതമാനമാണ്‌ പട്ടികജാതി വിഭാഗം. 10 ശതമാനം ബജറ്റ്‌ വിഹിതം അനുവദിക്കുന്നു. 1.45 ശതമാനമാണ്‌ പട്ടിക വർഗം. 2.89 ശതമാനമാണ്‌ ബജറ്റ്‌ വിഹിതം. പുതിയ തലമുറയ്‌ക്ക്‌ പഠനവും പരിശീലനവും നൽകി. നിരവധി വിദേശ സർവകലാശാലയിൽ പനഠത്തിനായി അയച്ചു. നവംബർ ഒന്നിന്‌ അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്‌. എന്നാൽ ഇടതുപക്ഷ സർക്കാരിനെതിരെ കള്ളപ്രചാരണങ്ങൾ വ്യാപകമാണ്‌. അത്‌ പ്രതിരോധിച്ച്‌ മൂന്നാം തുടർഭരണത്തിന്‌ വഴിയൊരുക്കാൻ പിന്നോക്ക ജനത ഒന്നിക്കണമെന്ന്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home