പദ്ധതികളുടെ കുടിശികയായി കേന്ദ്രം നൽകേണ്ടത് 1500 കോടി: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി മന്ത്രി വി ശിവൻകുട്ടി

ന്യൂഡൽഹി : കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതമെന്ന നിലയിൽ 1500. 27 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും പങ്കുവെച്ചതായി മന്ത്രി അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ കുറച്ചുകാലമായി വലിയ പ്രതിസന്ധിയുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നിവേദനം നൽകിയതായും മന്ത്രി പറഞ്ഞു.
പി എം ശ്രീ പദ്ധതിക്ക് 2025-27 ൽ 318 കോടി രൂപ കേന്ദ്രവിഹിതം, 2024-25ലെ കുടിശികയായ 513.54 കോടി രൂപ, 2023-24 ലെ കുടിശികയായ 276 കോടി രൂപ, 2025-26 ൽ ലഭിക്കേണ്ട തുക 392.73 കോടി രൂപ എന്നിങ്ങനെ ആകെ 1,500.27 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിക്കാനുള്ളത്. കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിൽ സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, കോംപോസിറ്റ് സ്കൂള്‍ ഗ്രാന്റ്, സ്കൂള്‍ ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ്, ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്കുള്ള ഗ്രാന്റുകളും പെണ്‍കുട്ടികള്‍ക്കുള്ള സ്റ്റൈപെന്റും, ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്കുള്ള മെഡിക്കൽ സഹായ ഉപകരണങ്ങൾ, തെറാപ്പി സേവനങ്ങള്‍, സോഷ്യൽ ഇൻക്ലൂഷൻ പ്രോഗ്രാം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, പെണ്‍കുട്ടികളുടെ ശാക്തീകരണം, റസിഡന്‍ഷ്യൽ ഹോസ്റ്റൽ പ്രവര്‍ത്തനങ്ങൾ, പ്രീ-സ്കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും വര്‍ക്ക്ബുക്കുകളും പ്രവര്‍ത്തന ഇടങ്ങളും, വൊക്കേഷണലൈസേഷൻ പ്രവര്‍ത്തനങ്ങൾ, ഔട്ട് ഓഫ് സ്കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം, ടീച്ചര്‍ എജ്യൂക്കേഷൻ, സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരുടേയും വിദ്യാ വോളന്റിയര്‍മാരുടേയും ശമ്പളം, രക്ഷാകര്‍തൃ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളെ ഇത് ബാധിക്കുമെന്നും മന്ത്രി നിവേദനത്തിൽ പറഞ്ഞു.
2023-2024 ന്റെ രണ്ടാം പകുതി മുതൽ സമഗ്ര ശിക്ഷയ്ക്കുള്ള ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിനാൽ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് മനസ്സിലാക്കാം. എൻഇപി 2020 നടപ്പിലാക്കുന്നതിനുള്ള രീതികളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകളുടെ ആവശ്യകതയും കേരളത്തിന്റെ ഭരണഘടനാപരവും ഭാഷാപരവും സാമൂഹിക-സാംസ്കാരികവുമായ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന് അനുവദിക്കപ്പെട്ട കേന്ദ്രവിഹിതം ഇതിന്റെ പേരിൽ തടയരുതെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഇത് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ, പ്രത്യേകിച്ച് സെക്ഷൻ 7 ന്റെ ലംഘനമാണ്. കേരളത്തിലായാലും ഇന്ത്യയിലെ മറ്റെവിടെയായാലും എല്ലാ കുട്ടികൾക്കും തുല്യ പിന്തുണ അർഹിക്കുന്നു. ഫണ്ട് തടഞ്ഞുവയ്ക്കുന്നത് നീതിയുക്തമോ ജനാധിപത്യപരമോ അല്ലെന്നും മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിയിൽ കുക്ക്-കം-ഹെൽപ്പറുടെ ഓണറേറിയം 5000- രൂപയായി വർധിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യമുന്നയിച്ചതായും മന്ത്രി അറിയിച്ചു. പി എം പോഷൺ പദ്ധതി നടത്തിപ്പിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. കേന്ദ്രം 60%, സംസ്ഥാനം 40% എന്ന നിലയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. പാചക തൊഴിലാളികൾക്ക് കേന്ദ്രം നിശ്ചയിച്ചട്ടുള്ള പ്രതിമാസ നിർബന്ധിത ഓണറേറിയം 1,000 രൂപയാണ്. ഇതിൽ കേന്ദ്രം നൽകുന്നത് 600 രൂപ മാത്രമാണ്. നിലവിൽ സംസ്ഥാനം പാചക തൊഴിലാളികൾക്ക് 12000 രൂപ മുതൽ 13,500 രൂപ വരെ ഓണറേറിയം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments