കേന്ദ്ര അവഗണന: മാർച്ച് 17ന് എൽഡിഎഫ് പ്രക്ഷോഭം; തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ

t p ramakrishnan
വെബ് ഡെസ്ക്

Published on Feb 19, 2025, 08:15 PM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ് യോ​ഗം തീരുമാനിച്ചെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. മാർച്ച് 17ന് രാവിലെ 11 മണി മുതൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും മറ്റ് ജില്ലകളിൽ അംസബ്ലി മണ്ഡല അടിസ്ഥാനത്തിലുമാണ് പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.


കേന്ദ്രസർക്കാർ സംസ്ഥാനതോട് പ്രതികാര നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ കേരളം എന്നൊരു വാക്കില്ല. കേരളത്തിന്റെ സംരക്ഷണം എന്ന വിഷയം കേന്ദ്രം പരിഗണിക്കുന്നില്ല. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സ്വശ്ചാധിപത്യത്തിലേക്ക് പോകുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.


ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന വ്യാപക ബോധവൽക്കരണം എൽഡിഎഫ് സംഘടിപ്പിക്കുമെന്നും ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടൽമേഖലയിലും വനമേഖലയിലും ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേന്ദ്രം കോർപ്പറേറ്റുകൾക്ക് കൂടുതൽ കീഴടങ്ങുന്നതാണ്. നാടിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്നതാണ് തീരുമാനം. കടലിലെ ഖനനം കടലിലെ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കും. ഖനന വിഷയത്തിൽ യുഡിഎഫുമായി യോജിച്ച് സമരം ചെയ്യാൻ എൽഡിഎഫ് തയ്യാറാണ്. ഇതിൽ യുഡിഎഫുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


സ്പിരിറ്റ് കേരളത്തിൽ ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നത് മദ്യനയത്തിന്റെ ഭാഗമാണെന്നും കുടിവെള്ളം കൃഷിയെയും ബാധിക്കാത്ത തരത്തിൽ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഷയത്തിൽ വ്യക്തത വരുത്തിയാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. ഇടതുമുന്നണി കൂടുതൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഘടകക്ഷികൾ അവരുടെ അഭിപ്രായങ്ങൾ മുന്നണിയിൽ പറയും. അത് ചർച്ച ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതാണ് മുന്നണി രീതി. മുന്നണി ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് പോകേണ്ട കാര്യമില്ല.




deshabhimani section

Related News

0 comments
Sort by

Home