മുണ്ടക്കൈ - ചൂരൽമല; കേന്ദ്രസഹായം അപര്യാപ്തം, കേരളത്തോട് കാട്ടുന്നത് വിവേചനം


സ്വന്തം ലേഖകൻ
Published on Oct 03, 2025, 01:33 AM | 2 min read
കേന്ദ്രസഹായം അപര്യാപ്തം: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം: മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം അപര്യാപ്തമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അർഹമായ തുക കിട്ടാതിരിക്കുന്നത് വലിയ പ്രശ്നമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക കൊടുക്കുന്നതിന് എതിർപ്പില്ല. എന്നാല്‍, ഇതിനൊന്നും കൃത്യമായ മാനദണ്ഡം ഇല്ല. കേരളത്തിന് വൈകിയാണ് തുക അനുവദിക്കുന്നത്. ഇനിയെങ്കിലും ഇത്തരം നടപടികള്‍ തിരുത്താന്‍ കേന്ദ്രസർക്കാർ തയ്യാറാകണം.
കേരളത്തില്‍നിന്നുള്ള എംപിമാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമപെൻഷൻ വർധിപ്പിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പോസിറ്റീവായി കാര്യങ്ങൾ ചെയ്യണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. മാധ്യമങ്ങളിൽ വരുന്നത് ഊഹാപോഹങ്ങളാണ്. ഒന്നിനു പുറകെ ഒന്നായി സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന തീരുമാനങ്ങളാണ് മനസ്സിലുള്ളത്. ജിഎസ്ടി തട്ടിക്കുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത് കേരളമാണ്. കേസെടുത്ത് നിരവധി പേരെ അറസ്റ്റ് ചെയ്‌തു.
വെളിവാകുന്നത് കേന്ദ്ര അവഗണന: മന്ത്രി കെ രാജൻ
തൃശൂർ: മുണ്ടക്കൈ, ചൂരൽമല പുനർനിർമാണത്തിന് 260 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്രത്തിന്റെ പ്രചാരണം കേരളത്തോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. 260 കോടി കേരളത്തിന് നൽകിയെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത് ഒൗദാര്യമല്ല. കേരളത്തിന് ലഭിക്കേണ്ട നഷ്‌ട പരിഹാരം ലഭിക്കില്ല എന്നതിന്റെ സൂചനയാണിത്. അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന ശുപാർശ കേന്ദ്രം അംഗീകരിച്ചില്ല.
ദുരന്തം കഴിഞ്ഞ് അഞ്ചുമാസം കഴിയുംവരെ എൽ–3 വിഭാഗത്തിൽപ്പെട്ടതാണ് ഈ ദുരന്തം എന്ന് അറിയിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇതുമൂലം 1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാണിച്ച് നിവേദനം നൽകി. എന്നാൽ ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ല. പുനർനിർമാണത്തിനുള്ള 2000 കോടിയുടെ അപേക്ഷ നൽകിയിട്ട് 260 കോടിയാണ് നൽകിയത്.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല. ദുരന്തത്തിൽ സഹായിക്കാൻ എത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇത് എന്ത് മര്യാദയുടെ ഭാഗമാണ്. കേരളത്തെ ആവർത്തിച്ച് അപമാനിക്കുകയാണ്. കാര്യങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ത്രിപുരയിൽ ഉണ്ടായ ദുരന്തത്തിൽ ഐഎംസിടി പരിശോധിക്കുന്നതിന് മുമ്പ് തന്നെ പണം അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തോട് വിവേചനം: വി ഡി സതീശൻ
പത്തനംതിട്ട: ദുരന്തമുഖങ്ങളിൽ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടായപ്പോള്‍ ചെയ്‌തതു പോലുള്ള സഹായം സംസ്ഥാനത്തിന് നാളിതുവരെ നല്‍കിയിട്ടില്ല. അത് നല്‍കണമെന്നതാണ് പ്രതിപക്ഷ നിലപാട്. വയനാട്ടിൽ കോണ്‍ഗ്രസ് നിർമിച്ചു നൽകുന്ന വീടിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി അന്തിമഘട്ടത്തിലാണെന്നും സതീശൻ ആറന്മുളയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ വിവേചനം: ബിനോയ് വിശ്വം
തിരുവനന്തപുരം: ഒരു വർഷത്തിലധികമായുള്ള കാത്തിരിപ്പിനുശേഷം കേന്ദ്രസർക്കാർ വയനാടിന് വെച്ചുനീട്ടുന്ന "സഹായം’ രാഷ്ട്രീയ വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം ആവശ്യപ്പെട്ടത് 2221 കോടി രൂപയാണെന്നിരിക്കെ കേന്ദ്രം നൽകുന്നത് 260 കോടി രൂപ മാത്രമാണ്. തകർന്നടിഞ്ഞ മുണ്ടക്കൈ -ചൂരൽമല ഗ്രാമങ്ങളുടെ വീണ്ടെടുപ്പിന് 2221കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണിത്. കേരള ജനതയോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനമാണിത്. സഹായവിതരണത്തിൽ കേരളത്തിനോടും അസമിനോടും കൈക്കൊണ്ട വ്യത്യസ്ത സമീപനം കേരളത്തിലെ ബിജെപി അനുഭാവികളുടെ തന്നെ കണ്ണുതുറപ്പിക്കും. കേരളം ചോദിച്ച സഹായധനം വെട്ടിക്കുറയ്ക്കരുതെന്ന് കേന്ദ്ര ഗവൺമെന്റിനോട് പറയാൻ കേരളത്തിലെ ബിജെപി നേതാക്കൾക്ക് നാവുണ്ടോയെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അനീതി തുടരുന്നു: ടി പി രാമകൃഷ്‌ണൻ
കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് അങ്ങേയറ്റത്തെ അനീതി തുടരുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ജനകീയപ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെയും സമീപനങ്ങളിലെ വ്യത്യാസം വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിന്റെയും എയർലി-ഫ്‌റ്റ് ചെയ്യാൻ ഉപയോഗിച്ച ഹെലികോപ്‌ടറിന്റെയും ചെലവുകൾ കണക്കുപറഞ്ഞ് കേന്ദ്രസർക്കാർ കേരളത്തോട് വാങ്ങി.
ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ സഹായത്തിനായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ചത്. സഹായധനം നൽകുന്നതിൽ കേന്ദ്രസർക്കാർ അങ്ങേയറ്റത്തെ വിവേചനം കാണിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള പരിഗണന കേരളത്തോട് കാണിക്കുന്നില്ല. ശബരിമല സ്വർണപ്പാളി വിഷയത്തിൽ ആരെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments