ദുരന്തമുഖത്ത് പോലും കേന്ദ്രസർക്കാരിൻ്റേത് മനുഷ്യത്വ വിരുദ്ധ സമീപനം: എ എ റഹീം എംപി

AA RAHIM MP
വെബ് ഡെസ്ക്

Published on Mar 25, 2025, 08:06 PM | 2 min read

ന്യൂഡൽഹി : ദുരന്തമുഖത്തും കേന്ദ്ര സർക്കാരിൻ്റേത് മനുഷ്യത്വ വിരുദ്ധ സമീപനമാണെന്ന് എ എ റഹീം എംപി പറഞ്ഞു. ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എംപി. ബില്ല് ഭേദഗതി ചെയ്യുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തങ്ങളുടെ സമീപനം ഭേദഗതി ചെയ്യണം. 2024 ജൂലൈ 30ന് നടന്ന ദുരന്തത്തിൽ ഏകദേശം 266 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 32 പേരെ കാണാതായി. ദുരന്തബാധിതരായ എല്ലാവരും ഇന്ത്യക്കാരാണ്.


ദുരന്തം സംഭവിച്ച് എട്ട് മാസം കഴിഞ്ഞു. എന്നാൽ, ഇന്നുവരെ കേന്ദ്ര സർക്കാർ ഒരു പൈസ പോലും കേരളത്തിന് അനുവദിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിയും പരിസ്ഥിതി മന്ത്രിയും ഒരു യുക്തിയുമില്ലാതെ കേരളത്തെ കുറ്റപ്പെടുത്തുകയാണ്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭരണഘടന വിരുദ്ധമായ അവഗണനയുടെ തുടർച്ചയാണത്.


2024-25 കാലയളവിൽ എസ്ഡിആർഎഫിൻ്റെ കേന്ദ്ര വിഹിതത്തിൽ കേരളത്തിന് 291.02 കോടി മാത്രമാണ് നൽകിയത്. എന്നാൽ ഗുജറാത്തിന് 1,226 കോടി, മധ്യപ്രദേശിന് 1,686 കോടി, ഉത്തർപ്രദേശിന് 1,791 കോടി, മഹാരാഷ്ട്രയ്ക്ക് 2,984 കോടി, ഹരിയാനയ്ക്ക് 455 കോടി എന്നിങ്ങനെയും നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് വിഹിതം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചായി കേരളം പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നു. പ്രകൃതിക്ഷോഭങ്ങൾ പതിവായ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകുന്നത് തുച്ഛമായ തുകയാണ്.


വെളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി പുതിയ ടൗൺഷിപ്പിന് ശിലാസ്ഥാപനം നടത്തുകയാണ്. അവിടെ ഒരു വീടിന് 25 മുതൽ 30 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലുമാവില്ല .ഇതാണ് കേരളത്തിന്റെ നിശ്ചയ ദാർഢ്യം. ഡിവൈഎഫ്ഐ 20 കോടിയോളം രൂപ കേരള സർക്കാരിന് ഇന്നലെ കൈമാറി. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ, മത, ജാതി വ്യത്യാസമില്ലാതെ വയനാടിനായി നമ്മുടെ കൂടെ ഒന്നിച്ചു നിന്നു. കേരളത്തിലെ ഇടത് എംപിമാർ എംപി ഫണ്ടിൽ നിന്ന് സംഭാവന നൽകി.


ദുരന്തകാലത്ത് കേന്ദ്ര സർക്കാർ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉപേക്ഷിക്കണമെന്നും അവഗണനയ്ക്ക് മുന്നിൽ കേരളം തോറ്റുകൊടുക്കില്ലന്നും എ എ റഹീം എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home