കേന്ദ്രസർക്കാർ പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ കവരുന്നു: എ കെ ബാലൻ


സ്വന്തം ലേഖകൻ
Published on Feb 20, 2025, 08:05 PM | 1 min read
തിരുവനന്തപുരം: പട്ടികവിഭാഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഓരോന്നായി കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ ആദിവാസികളോടുള്ള വഞ്ചനയ്‌ക്കും തൊഴിൽനിഷേധത്തിനുമെതിരെ ആദിവാസി ക്ഷേമസമിതി സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനഭൂമിയിൽനിന്ന് ആദിവാസികളെ ആട്ടിയോടിച്ച് കുത്തകകൾക്ക് വ്യവസായം നടത്താൻ അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രസർവീസുകളിൽ ആദിവാസികൾക്ക് അർഹതപ്പെട്ട സംവരണവും തസ്‌തികയും ഇല്ലാതാക്കുകയാണ്. ചോരചിന്തിയ സമരങ്ങളിലൂടെയാണ് പട്ടികവിഭാഗക്കാർ എല്ലാ അവകാശങ്ങളും നേടിയെടുത്തത്. സംവരണമുൾപ്പെടെ ഭരണഘടന നൽകുന്ന സംരക്ഷണമാണ്. ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ പോരാട്ടങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ആർ രാമഭദ്രൻ അധ്യക്ഷനായി. ജി സ്‌റ്റീഫൻ എംഎൽഎ, ജനറൽ സെക്രട്ടറി ബി വിദ്യാധരൻകാണി, സംസ്ഥാന കമ്മിറ്റിയംഗം രാജപ്പൻ, സുധീഷ് കുമാർ, ഗിരീഷ്, പ്രസിഡന്റ് സദാനന്ദൻ കാണി, പി ആർ തങ്കപ്പൻ, എം എൽ കിഷോർ, ജില്ലാ സെക്രട്ടറി വി രമേശൻ തുടങ്ങിയവർ സംസാരിച്ചു.









0 comments