സാമൂഹ്യസേവനം ലഹരിയായി കാണുന്നവർ: ഡിവൈഎഫ്ഐയെ പ്രകീർത്തിച്ച് കാതോലിക്കാ ബാവാ

വാഴൂർ(കോട്ടയം): ഡിവൈഎഫ്ഐ നേതൃത്വത്തിൽ വർഷങ്ങളായി ആശുപത്രികളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെ പ്രകീർത്തിച്ച് മലങ്കര മെത്രാപോലീത്ത ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ. വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെസഹാ ദിനത്തിൽ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന പ്രവർത്തനങ്ങളുടെ മഹത്വത്തെ പറ്റി സന്ദേശം നൽകുമ്പോഴാണ് ഉദാഹരണമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയെപ്പറ്റി അദ്ദേഹം പറഞ്ഞത്.
തൊടുപുഴ താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തെയാണ് അദ്ദേഹം പരാമർശിച്ചത്. ഇന്ന് അനേകം യുവജനങ്ങളും കുട്ടികളുമൊക്കെ മദ്യലഹരിയിൽ അവരുടെ ജീവിതം ഹോമിക്കുകയാണ്. എന്നാൽ സാമൂഹ്യസേവനം ലഹരിയായി കണക്കാക്കിയാൽ മാത്രമേ വിനയത്തിന്റെ മാർഗത്തിൽ കൂടി മറ്റുള്ളവരെ കരുതാവാനാകൂ. കഴിഞ്ഞ 20 വർഷമായി കണ്ടനാട് ഭദ്രാസനത്തിൽ നിന്ന് സമീപമുള്ള 16 ആശുപത്രിയിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്. അതിൽ ഒന്നാണ് തൊടുപുഴ താലൂക്ക് ആശുപത്രി. കഴിഞ്ഞ 17 വർഷം മാത്രമേ അവിടെ ഭക്ഷണം കൊടുക്കേണ്ടി വന്നിട്ടുള്ളൂ. മൂന്ന് വർഷമായി ആ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോറ് കൊടുക്കുന്നുണ്ട്. എപ്പോഴെങ്കിലും അവർക്ക് വയ്യ എന്ന് പറഞ്ഞാൽ ഞങ്ങളോട് പറയാൻ അറിയിച്ചിരുന്നെങ്കിലും ഇത്രയും കാലമായിട്ടും അവർ അത് മുടക്കമില്ലാതെ കൊടുക്കുകയാണ് - കാതോലിക്കാ ബാവാ പറഞ്ഞു.









0 comments