print edition ജാതി വിവേചനം: ഡീനിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജാതിവിവേചനം നേരിട്ടുവെന്ന് കാണിച്ച് വിപിന്‍ വിജയന്‍ നൽകിയ പരാതിയില്‍ ഡീനിനെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. എസ്‍സി–എസ്ടി ആക്ടിലെ 3(1) ആര്‍, എസ് എന്നീ സെഷനുകള്‍പ്രകാരമാണ് കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായി ഡോ. സി എന്‍ വിജയകുമാരിയെ പ്രതിചേര്‍ത്ത് കേസെടുത്തത്.
ഗവേഷക വിദ്യാര്‍ഥിയായ വിപിന് പിഎച്ച്‍ഡി ഓപ്പണ്‍ഡിഫന്‍സ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് തരില്ലെന്ന് പറയുകയും മറ്റ് അധ്യാപകരുടെയും ഗൈഡുമാരുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ അധ്യാപകയുടെ ഔദ്യോഗിക മുറിയില്‍ പ്രവേശിച്ചാല്‍ മുറി അശുദ്ധമായെന്ന് പറഞ്ഞ് വെള്ളം തളിക്കാറുണ്ട്. ഇത് വിദ്യാര്‍ഥിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
ഒക്ടോബര്‍ 10നാണ് കാര്യവട്ടം ക്യാമ്പസില്‍ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്കഷന്‍ നടന്നത്. സമിതി ചെയര്‍മാന്‍ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാര്‍ശ ചെയ്തെങ്കിലും ഡീനായ വിജയകുമാരി ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് സംസ്കൃതം അറിയില്ലെന്നും പ്രചരിപ്പിച്ചു.
ഇതിനെതിരെ ഗവേഷകന്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പൊലീസിലും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി–പട്ടികഗോത്രവർഗ കമീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറോടും റിപ്പോര്‍ട്ട് തേടി.
ഡീൻ സ്ഥാനത്തുനിന്ന് നീക്കണം: എകെജിസിടി
തിരുവനന്തപുരം: ഗവേഷക വിദ്യാർഥിയെ ജാത്യാധിക്ഷേപം നടത്തിയ അധ്യാപികയെ ഫാക്കൽറ്റി ഡീൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് എകെജിസിടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിപിൻ വിജയന്റെ പിഎച്ച്ഡി സമർപ്പണവുമായി വിഷയത്തിൽ ചട്ടങ്ങൾക്ക് വിരുദ്ധവുമായി ഡീൻ നടത്തുന്നത് ധിക്കാര നിലപാടുകളാണ്.
സംഘപരിവാർ അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്ന മോഹനൻ കുന്നുമ്മൽ നിരന്തരം വിദ്യാർഥികളെയും അധ്യാപകരെയും അപമാനിക്കുകയാണ്. വിദ്യാർഥിയോടും സമാനമായി അനീതി നേരിടുന്ന വിദ്യാർഥികളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. എൻ മനോജും ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ് റഫീഖും പറഞ്ഞു.
എകെപിസിടിഎ
ജാത്യാധിക്ഷേപം നടത്തിയ അധ്യാപികയെ ഫാക്കൽറ്റി ഡീൻ സ്ഥാനത്തുനിന്ന് ചാൻസലർ നീക്കണമെന്ന് എകെപിസിടിഎ. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത താൽക്കാലിക വിസി മോഹനൻ കുന്നുമ്മലിന്റെ നടപടി സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരസ്യ പ്രഖ്യാപനമാണ്.
സർവകലാശാലകളെ തകർത്ത് മതരാഷ്ട്ര നിർമാണത്തിന്റെ ഉപാധിയാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ എന്നിവർ അഭ്യർഥിച്ചു.
സാഹിത്യസംഘം
വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത് പുരോഗമന കേരളത്തിന് അപമാനകരമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം ആവശ്യപ്പെട്ടു. ജാതി മത വർഗീയതയുടെ ജീർണ ആശയങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തെ ചെറുക്കണമെന്ന് ജനറൽ സെക്രട്ടറി ഡോ.കെ പി മോഹനൻ പറഞ്ഞു.









0 comments