print edition കേരള സര്‍വകലാശാലയിലെ ജാതിവിവേചനം; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: കേരള സർവകലാശാല പഠനവകുപ്പിൽ സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയെന്ന വാർത്തയിൽ മന്ത്രി ആർ ബിന്ദു അടിയന്തരാന്വേഷണത്തിന് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് വിസിയോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു. സംഭവം സർവകലാശാലക്കും ഉന്നതവിദ്യാഭ്യാസ മേഖലക്കും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗവേഷണ വിദ്യാർഥി സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വാർത്തയുണ്ട്.
ഈ സാഹചര്യത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി ആവശ്യപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഒന്നാം നിരയിൽ നിലകൊള്ളുന്ന സർവകലാശാലയിൽ ഇത്തരം സംഭവമുണ്ടായത് സംസ്ഥാനത്തിനാകെ ദുഷ്‌പേരുണ്ടാക്കിയിരിക്കുകയാണെന്ന് പ്രോ ചാൻസലറെന്നനിലയിൽ വിസിക്ക് അയച്ച കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. ആരോപണവിധേയയായ ഫാക്കൽറ്റി അംഗം ദൃശ്യമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
നിയമനടപടിയെടുത്ത് റിപ്പോർട്ട് നൽകണമെന്ന് രജിസ്ട്രാർക്കും നിർദേശം നൽകി.
വിപിന്റെ മൊഴിയെടുത്തു
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തിന് ഇരയായ ഗവേഷക വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിപിന്‍ വിജയന്റെ മൊഴിയെടുത്തു. കാര്യവട്ടം ക്യാമ്പസിലെ ഡീനായ ഡോ. സി എന്‍ വിജയകുമാരി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിപിന്‍ കഴക്കൂട്ടം എഎസ്‌പിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ശ്രീകാര്യം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിപിന്റെ മൊഴിയെടുത്തു.
കാര്യവട്ടം ക്യാമ്പസില്‍ നടന്ന പിഎച്ച്ഡി ഓപ്പണ്‍ ഡിസ്കഷനില്‍ സമിതി ചെയര്‍മാന്‍ അനിൽ പ്രതാപ് ഗിരി വിപിന് പിഎച്ച്‌ഡി നൽകാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സര്‍വകലാശാലയിലെ ഡീനായ ഡോ. സി എന്‍ വിജയകുമാരി പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തുനല്‍കി. ഇതിനുപിന്നാലെ വിസിയുടെ ഓഫീസിന്റെ രഹസ്യ ഏജന്‍സി വിപിന് സംസ്കൃതം അറിയില്ലെന്ന് ഡീനിന്റെ പരാമര്‍ശത്തോടെ വിഷയം പ്രചരിപ്പിച്ചു. നിലവിൽ വിപിന്റെ പിഎച്ച്ഡി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെതിരെ വിപിന്‍ സര്‍വകലാശാലയില്‍ പരാതി നൽകി. ജാതി അധിക്ഷേപത്തിന് പട്ടികജാതി– പട്ടികവര്‍ഗ ഗോത്ര കമീഷനും പരാതി നല്‍കിയിട്ടുണ്ട്.
കര്‍ശന നടപടിയെടുക്കണം: മഹിളാ അസോസിയേഷൻ
കേരള സർവകലാശാലയിലെ സംസ്‌കൃത ഗവേഷക വിദ്യാർഥി വിപിൻ വിജയനെതിരെ ജാതിവിവേചനം കാണിച്ച കേരള സർവകലാശാല ഡീൻ ഡോ. സി എൻ വിജയകുമാരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. സംഘപരിവാർ അനുകൂലിയായ വിജയകുമാരി, വിപിൻ വിജയന് സംസ്കൃതഭാഷ അറിയില്ല എന്ന തെറ്റായ റിപ്പോർട്ട് വൈസ് ചാൻസലർക്ക് നൽകി. ഇതുമൂലം വിപിൻ വിജയന് പിഎച്ച്ഡി നിഷേധിച്ചിരിക്കുകയാണ്. ഗുരുതരമായ ജാതി അധിക്ഷേപം നടത്തുകയും വിദ്യാർഥിയുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത വിജയകുമാരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൂസന്‍കോടിയും സെക്രട്ടറി സി എസ് സുജാതയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഘപരിവാർ നീക്കം ചെറുക്കും: കെഎസ്‌കെടിയു
ജാതിജീർണതകളെ തിരികെ കൊണ്ടുവരാനുള്ള ആർഎസ്എസ്–ബിജെപി സംഘപരിവാർ അജൻഡയുടെ ഭാഗമാണ് കേരള സർവകലാശാല ഡീൻ അടക്കമുള്ളവര്‍ ജാതിക്കോമരങ്ങളായി ഉറഞ്ഞുതുള്ളുന്നതെന്ന് കെഎസ്‌കെടിയു. കർഷകത്തൊഴിലാളി കുടുംബത്തിലുള്ള വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ച ഡീൻ സംഘപരിവാറുകാരിയാണ്.
ജാതിയും മതവും നോക്കി വിദ്യാർഥികളെ തരംതിരിക്കുന്ന സംഘപരിവാർ രീതി കേരളത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പോറലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജന്മിത്ത-–ഭൂപ്രഭുത്വത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും ധാർഷ്ട്യത്തെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു.









0 comments