കാഷ്യൂ കോൺക്ലേവ്‌ സമാപിച്ചു ; കശുവണ്ടി വ്യവസായത്തിന്‌ പുതിയമുഖം

cashew conclave

കാഷ്യൂ കോൺക്ലേവിന്റെ സമാപനത്തോടനുബന്ധിച്ച്‌ മന്ത്രി പി രാജീവ്‌, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ, കശുവണ്ടി തൊഴിലാളികൾ എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്ന മന്ത്രി കെ എൻ ബാലഗോപാൽ

avatar
എം അനിൽ

Published on Oct 15, 2025, 03:37 AM | 1 min read


കൊല്ലം

കാലത്തിന്‌ അനുസൃതമായി കശുവണ്ടി വ്യവസായത്തെ ആധുനികവൽക്കരിക്കാനുള്ള സുപ്രധാന തീരുമാനവുമായി കാഷ്യൂ കോൺക്ലേവ്‌ സമാപിച്ചു. തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടാകും വ്യവസായത്തിൽ ആധുനികവൽക്കരണം നടപ്പാക്കുകയെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ സമാപന യോഗത്തിൽ പറഞ്ഞു. വ്യവസായത്തെ ആധുനികവൽക്കരിക്കുന്പോൾ തൊഴിൽ സംരക്ഷിക്കുകയും തൊഴിലാളികളുടെ വരുമാനം വർധിക്കുകയും വേണം. അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ഉടമകൾക്ക്‌ സർക്കാർ പരമാവധി സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിന്‌ 40 ലക്ഷം രൂപ വരെ നൽകും. ബാങ്ക്‌വായ്‌പാ പലിശയുടെ 50 ശതമാനം സർക്കാർ വഹിക്കും. സ്വകാര്യ ഫാക്ടറികളുടെ ബാങ്ക്‌ വായ്‌പാ കുടിശ്ശിക തീർപ്പാക്കാൻ അദാലത്ത്‌ സംഘടിപ്പിക്കും. അതുവരെ ജപ്‌തി നടപടികൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടും.


സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികളുടെ ഇഎസ്‌ഐയുടെയും പിഎഫിന്റെയും മാനേജ്‌മെന്റ്‌ വിഹിതത്തിന്റെ 50 ശതമാനം സർക്കാർ നൽകും. കശുവണ്ടി ഉൽപ്പന്നങ്ങൾ ബ്രാൻഡ്‌ചെയ്യും. ഫാക്ടറികൾ നവീകരിക്കാനും തൊഴിലിടം സ്‌ത്രീസ‍ൗഹൃദമാക്കാനും നടപടിയുണ്ടാകും. വനിതകളുടെ ക്ഷേമത്തിനായുള്ള അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ ഒരു യൂണിറ്റിന്‌ 40 ലക്ഷം രൂപ വരെ നൽകും. പ്രവർത്തിപ്പിക്കാതെ കിടക്കുന്ന ഫാക്ടറികളും സ്ഥലവും കശുവണ്ടി അനുബന്ധ വ്യവസായങ്ങൾക്കോ ഫുഡ്‌ പ്രോസസിങ് യൂണിറ്റുകൾക്കോ നൽകാം. വിദഗ്‌ധ സമിതി റിപ്പോർട്ട്‌ പ്രകാരം കശുവണ്ടി ഫാക്ടറികളിൽ പ്രോട്ടോക്കോൾ നടപ്പാക്കും– മന്ത്രി പറഞ്ഞു.


കശുവണ്ടി ഉൽപ്പന്നങ്ങൾ കെ സ്‌റ്റോർ വഴിയും റേഷൻകടകൾ വഴിയും വിൽക്കുന്നതിനുള്ള ധാരണപത്രം മന്ത്രി കെ എൻ ബാലഗോപാലിൽനിന്ന്‌ മന്ത്രി പി രാജീവ്‌ ഏറ്റുവാങ്ങി.

കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ, കാപ്പക്‌സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, കശുവണ്ടി ഫാക്ടറി ഉടമകൾ, വ്യവസായ വിദഗ്‌ധർ, ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കശുവണ്ടിത്തൊഴിലാളി സംഗമം, തൊഴിലാളികളുടെ കലാവിരുന്ന്‌ എന്നിവയുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home