എൻ എം വിജയൻ ജീവനൊടുക്കിയ കോൺഗ്രസ് നിയമനക്കോഴ; ഐ സി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന് വിജിലൻസ്

കൽപ്പറ്റ
: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമന അഴിമതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് കേസ് അന്വേഷിക്കണമെന്ന് നിർദേശിച്ച് വയനാട് വിജിലൻസ് യൂണിറ്റ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്‌തയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസാണ് പ്രാഥമികാന്വേഷണം നടത്തിയത്.
വിജയന്റെ മകൻ വിജേഷ്, മരുമകൾ പത്മജ, ഐ സി ബാലകൃഷ്‌ണൻ, വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, പ്രാദേശിക കോൺഗ്രസ് നേതാക്കൾ, പരാതിക്കാർ എന്നിവരുൾപ്പെടെ 24 പേരുടെ മൊഴിയെടുത്തു. കോഴ നിയമനത്തിന് ശുപാർചെയ്‌ത് എംഎൽഎയുടെ ഔദ്യോഗിക ലെറ്റർപാഡിൽ നൽകിയ കത്ത് ഉൾപ്പെടെയുള്ള തെളിവ് ശേഖരിച്ചു.
ബാലകൃഷ്‌ണൻ വയനാട് ഡിസിസി പ്രസിഡന്റായിരിക്കെ വാങ്ങിയ കോഴയിൽ കുരുങ്ങിയാണ് ഭിന്നശേഷിക്കാരനായ മകനൊപ്പം വിജയൻ ആത്മഹത്യ ചെയ്‌തത്. കോടികളുടെ ബാധ്യത ചുമലിലിട്ട് നേതാക്കൾ കൈവിട്ടതോടെയായിരുന്നു ആത്മഹത്യ.
ബാലകൃഷ്‌ണനും വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമാണ് മരണത്തിനുത്തരവാദികൾ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യ പ്രേരണാക്കേസിൽ അറസ്‌റ്റിലായ ഒന്നും രണ്ടും പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്.









0 comments