കപ്പലപകടങ്ങളിൽ കേസ്: സര്‍ക്കാരിനെ അഭിനന്ദിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍

ആലപ്പുഴ: കേരള തീരത്ത് കപ്പലുകൾ അപകടത്തിൽപ്പെട്ട സംഭവങ്ങളിൽ കപ്പൽ ഉടമകൾക്കും കപ്പിത്താനുമെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഭിനന്ദിച്ചു. ഫെഡറേഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സി ഷാംജി, കോഴിക്കോട് ജില്ലാ സെക്രട്ടറി വി പി സുനീഷ്, കൊല്ലം ജില്ലാ കമ്മിറ്റി അംഗം ജസ്റ്റസ് സെബാസ്റ്റ്യൻ എന്നിവർ കോസ്റ്റൽ പൊലീസ് ഐജിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
2012 ഫെബ്രുവരി 15ന് കൊല്ലം പുറംകടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയൻ സൈനികരെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് കോൺഗ്രസ് നിയന്ത്രിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടത്. എന്നാൽ, ഇന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും തീരദേശ ജനതയാകെ ആശങ്കയിലായിരിക്കുന്ന വിഷയത്തിൽ കേരള സർക്കാർ മത്സ്യത്തൊഴിലാളികളോടൊപ്പമാണെന്ന് തെളിയിച്ചു. സംസ്ഥാനത്തിന്റെ അധികാരം പരിമിതമാണെങ്കിലും നിയമനടപടികളിലൂടെ മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് കേസെടുത്തത്.
ഇനിയെങ്കിലും സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കുന്ന നീക്കം പ്രതിപക്ഷം അവസാനിപ്പിക്കണം. കടലിലെ ജീവജാലങ്ങളെയും പരിസ്ഥിതിയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ അഭിനന്ദിക്കുന്നതായി ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments