ഹണി ഭാസ്കരനെതിരായ സൈബർ ആക്രമണത്തിൽ കേസ്

തിരുവനന്തപുരം: ഹണി ഭാസ്കരനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു. ഒമ്പത് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഹണിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നെഴുതിയതിന് പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഹണി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹണി പരാതി നൽകിയിരുന്നു.
കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചതിന് ശേഷം ഹണി ഭാസ്‌കരന് നേരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. നിരവധി കോൺഗ്രസ് വനിതാ പ്രവർത്തകർ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിലെ സ്ത്രീലമ്പടന്മാർക്കെതിരെ വനിതാപ്രവർത്തകരുടെ പരാതികൾ ഗൗനിക്കാറില്ലെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. രാഹുലിൽനിന്ന് ഇത്തരം അനുഭവങ്ങൾ നേരിട്ട എത്ര സ്ത്രീകളുണ്ടാകുമെന്നും അവർ കുറിച്ചു.
‘ജൂണിൽ ശ്രീലങ്കൻ യാത്ര നടത്തവേ സമൂഹമാധ്യമത്തിൽ എനിക്ക് രാഹുൽ മെസേജ് അയച്ചിരുന്നു. മറുപടി നൽകിയപ്പോൾ നിരന്തരം മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചു. ഈ മെസേജുകളെ ദുർവ്യാഖ്യാനിച്ച് മറ്റു കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന കോൺഗ്രസുകാർ രാഷ്ട്രീയത്തിൽ തുടരാൻ അർഹരല്ല’– അവർ പറഞ്ഞു.
‘യൂത്ത് കോൺഗ്രസ് പ്രവർത്തക പറഞ്ഞത്, രാഹുലടക്കമുള്ള യൂത്ത് കോൺഗ്രസിലെ സകല പെർവേർട്ടുകളെക്കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നാണ്. ആ സ്ത്രീ കൊടുത്ത പരാതി പോലും ഷാഫി ഗൗനിച്ചില്ല. കോൺഗ്രസ് പ്രവർത്തകയായതുകൊണ്ട് മാത്രം അവർ എഴുതാതിരിക്കുന്നു. എത്ര ഗതി കെട്ടിട്ടാവും ഈ തെമ്മാടിക്കൂട്ടത്തെക്കുറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞത്’ – ഹണി ഭാസ്കരന്റെ കുറിപ്പിൽ പറയുന്നു.









0 comments