ക്ലാപ്പനയിൽ 90.8 ലക്ഷത്തിന്റെ വെട്ടിപ്പ്: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്‌

congress flag
വെബ് ഡെസ്ക്

Published on Jul 21, 2025, 08:34 AM | 1 min read

കരുനാഗപ്പള്ളി: കോൺ​ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലാപ്പന അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി (ക്യൂ 1558)യിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ സൊസൈറ്റി ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. 90.8ലക്ഷം തട്ടിയ സംഭവത്തിൽ കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള 14പേർക്കെതിരെയാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എസ് എം ഇഖ്ബാൽ, മുൻ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാരും ഭരണസമിതി അംഗങ്ങളായ സൂര്യകുമാർ, ഷീല സരസൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സൊസൈറ്റി ഭരണസമിതി അംഗം റൈമണ്ട് കാർഡോസ്, പഞ്ചായത്ത് അംഗങ്ങളായിരുന്ന പത്മരാജൻ, ജയിത്ത് കൃഷ്ണൻ, ഷാജഹാൻ, ബിജു, നിലവിലെ സൊസൈറ്റി പ്രസിഡന്റ് യതീഷ്, പത്മരാജൻ, രാജു, സരള ബാങ്കിലെ താൽക്കാലിക ജീവനക്കാരായിരുന്ന ആഷ്ന ഇക്ബാൽ, സന്ധ്യ, സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഭരണസമിതി അംഗം രഘുവരൻ എന്നിവരാണ്‌ പ്രതികൾ.


നിക്ഷേപകരിൽ പലരും പണം പിൻവലിക്കാൻ എത്തിയതോടെ ഒഴിവുകഴിവുകൾ പറഞ്ഞ് ഇവരെ മടക്കി അയച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകരുടെ പേരിൽ കള്ള ഒപ്പിട്ട് ജീവനക്കാർ തന്നെ പണം തട്ടി. പണം നഷ്ടപ്പെട്ട 26 നിക്ഷേപകർ പരാതി നൽകി. ഭരണസമിതി അംഗങ്ങളോട് ചോദിക്കുമ്പോൾ ജീവനക്കാർ ചേർന്ന് പണം തട്ടിയെടുത്തെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ജീവനക്കാർ പറയുന്നത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എസ് എം ഇക്ബാലിന്റെ നിർദേശപ്രകാരമാണ് പണം പിൻവലിച്ചത് എന്നാണ്. 25,000മുതൽ 15 ലക്ഷം വരെ നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ട്. സഹകരണ വകുപ്പ് ഓഡിറ്റർ എസ് ആശ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 2022 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സഹകരണ വകുപ്പ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ പഞ്ചായത്തിൽ സിസിടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവർത്തകർ നൽകിയ വിജിലൻസ് കേസിലും എസ് എം ഇക്ബാലിനെതിരെ പ്രതിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home