അപകടം ബേപ്പൂരിൽനിന്ന് 129 കിലോമീറ്റർ അകലെ
കപ്പൽ കത്തുന്നു

കോഴിക്കോട് : കൊളംബോയിൽനിന്ന് മുംബൈ തീരത്തേക്ക് ചരക്കുമായി വന്ന ‘വാൻഹായ് 503’ കപ്പൽ കേരള തീരത്തിനടുത്ത് അഗ്നിക്കിരയായി. കപ്പലിലുണ്ടായിരുന്ന നാലു ജീവനക്കാർക്ക് ഗുരുതര പൊള്ളലേറ്റു. നാലുപേരെ കാണാതായി. കടലിൽ ചാടിയ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷിച്ച് മംഗളൂരുവിലെത്തിച്ചു. ചൈനക്കാരായ എട്ടുപേരേയും മ്യാൻമർ, തായ്‌വാൻ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേരെ വീതവും ഇന്തോനേഷ്യക്കാരായ രണ്ടുപേരേയുമാണ് എത്തിച്ചത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ചൈനക്കാരായ ലു എൻലി, സു ഫാബിനോ, ഗുവോ ലെനിനോ, മ്യാൻമർ സ്വദേശികളായ തൈൻ താ ഹട്ടായി, കൈ സാ ഹോട്ടു, തായ്‌വാൻ സ്വദേശി സോണിടൂൾ ഹാസൈനി എന്നിവരെ മംഗളൂരു എജെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെ നില അതീവഗുരുതരമാണ്. 12 പേരെ എജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റി.
സിംഗപ്പുരിൽ രജിസ്റ്റർചെയ്‌ത കപ്പലാണ് തിങ്കൾ രാവിലെ ഒമ്പതരയോടെ ബേപ്പൂർ തുറമുഖത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കിലോമീറ്റർ) അകലെ തീപിടിച്ചത്. ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു. കപ്പലിലെ തീ രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ദിശ നഷ്‌ടമായ കപ്പൽ കടലിൽ ഒഴുകിനടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് തീരസംരക്ഷണസേനയുടെ അഞ്ചു കപ്പലും നാവികസേനയുടെ കപ്പലും എത്തിയിട്ടുണ്ട്. തീയണയ്‌ക്കാനുള്ള ശ്രമം വിഫലമായി. ഡോണിയർ വിമാനങ്ങളും എത്തിച്ചിട്ടുണ്ട്.
വൻ തീപിടിത്തമാണുണ്ടായത്.
ഒന്നിലധികം സ്‌ഫോടനമുണ്ടായി. കണ്ടെയ്നറുകൾ പലതും കടലിലേക്ക് വീഴുന്ന സാഹചര്യമാണ്. സ്‌ഫോടകശേഷിയുള്ളതും തനിയെ കത്താൻ സാധ്യതയുള്ളതുമായ വസ്‌തുക്കളും ദ്രാവകങ്ങളും നിറച്ച കണ്ടെയ്നറുകളും വിഷാംശമടങ്ങിയ വസ്‌തുക്കൾ അടങ്ങിയ കണ്ടെയ്നറുകളും കപ്പലിലുണ്ട്. ഇനിയും സ്‌ഫോടനസാധ്യതയുള്ളതിനാൽ മറ്റു കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകി.
വാൻഹായ്‌ക്ക് 20 വർഷം പഴക്കമുണ്ട് . 270 മീറ്റർ നീളമുള്ള കപ്പൽ 650 കണ്ടെയ്നറുകളുമായി ശനിയാഴ്‌ചയാണ് കൊളംബോയിൽനിന്ന് പുറപ്പെട്ടത്. ചൊവ്വ രാവിലെ ഒമ്പതരയോടെ മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു.









0 comments