ചരക്കുകപ്പൽ അപകടം: വോയേജ്‌ ഡാറ്റ റെക്കോഡർ 
വീണ്ടെടുക്കൽ 5ന്‌ ആരംഭിക്കും

MSC container ship sinking
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jun 03, 2025, 12:06 AM | 1 min read

കൊച്ചി: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 അപകടത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭിക്കാൻ വോയേജ്‌ ഡാറ്റ റെക്കോഡർ വീണ്ടെടുക്കൽ വ്യാഴാഴ്‌ച ആരംഭിച്ചേക്കും. മുങ്ങൽവിദഗ്‌ധരടങ്ങുന്ന കപ്പൽ വ്യാഴാഴ്‌ച എത്തുമെന്നാണ്‌ കരുതുന്നത്‌. വിദഗ്‌ധർ കടലിൽ മുങ്ങി കപ്പലിൽനിന്ന്‌ വോയേജ്‌ ഡാറ്റ റെക്കോഡർ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമാകും ഈ നടപടികളിലേക്ക്‌ കടക്കുകയെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിങ്‌ അഡീഷണൽ ഡയറക്ടർ ജനറൽ അജിത്‌കുമാർ സുകുമാരൻ പറഞ്ഞു.


ഇതിൽനിന്ന്‌ കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിങ്‌. കപ്പലിന്റെ വേഗം, ദിശ, ക്രൂ മെമ്പർമാരുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ വോയേജ്‌ ഡാറ്റ റെക്കോഡറിലുണ്ടാകും. അതേസമയം, സമുദ്ര ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്ന രാസവസ്തുവായ ഫിനൈൽ പി ഫിനൈലിൻ ഡയമിൻ കപ്പലിലെ കണ്ടെയ്‌നറിലുണ്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ ഷിപ്പിങ്‌ നിഗമനം. 12 കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡാണെന്നും ഒന്നിൽ റബർ സൊല്യൂഷനാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്‌ ശ്യാം ജഗന്നാഥൻ മുമ്പ്‌ വ്യക്തമാക്കിയത്. 12 കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡ് ടിന്നുകളിൽ സീൽഡായാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവ വെള്ളവുമായി ഇതുവരെ കലർന്നിട്ടില്ല. കപ്പൽടാങ്കിൽ 450 ടണ്ണോളം ഇന്ധനവുമുണ്ട്.


മൂന്നുഘട്ടമായി ആസൂത്രണംചെയ്യുന്ന എണ്ണനീക്കൽദൗത്യം ജൂലൈ മൂന്നിന് പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അമേരിക്കൻ കമ്പനിയായ ടി ആൻഡ് ടി സാൽവേജിന്റെ നാല് ടഗുകൾ സ്ഥലത്ത് സർവേയും എണ്ണനീക്കലും നടത്തിവരികയാണ്‌. നാവികസേനയും തീരസംരക്ഷണസേനയും മേഖലയിൽ സൂക്ഷ്‌മനിരീക്ഷണം നടത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home