ചരക്കുകപ്പൽ അപകടം: ആഴക്കടൽ ദൗത്യത്തിന് 12 മുങ്ങൽ വിദഗ്‌ധർ


സ്വന്തം ലേഖകൻ
Published on Jun 10, 2025, 01:20 AM | 1 min read
കൊച്ചി: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3ൽനിന്ന് ഇന്ധനം നീക്കാനും വോയേജ് ഡാറ്റ റെക്കോഡർ (വിഡിആർ) വീണ്ടെടുക്കാനും പന്ത്രണ്ടംഗ മുങ്ങൽവിദഗ്‌ധരെത്തി. പൂർണതോതിൽ എണ്ണനീക്കാനുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച തുടങ്ങിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. ഡിഎസ്‌വി സീമെക്ക് 3 കപ്പലിന്റെ സഹായത്തോടെയാണിത്. എണ്ണപ്പാട തീരം മലിനമാക്കിയിട്ടില്ല. കപ്പൽ മുങ്ങിയ സ്ഥലത്തെക്കുറിച്ചുള്ള സർവേയുടെ ആദ്യഘട്ടം പൂർത്തിയായി.
കടലിനുള്ളിൽ കപ്പൽ കിടക്കുന്ന സ്ഥലത്തെ വിശദമായ മാപ്പിങ് സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്നതിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. കടലിന്റെ അടിത്തട്ടിന്റെ ത്രിമാനചിത്രം ശബ്‌ദവീചികളുടെ സഹായത്തോടെ നിർമിക്കും. എമർജൻസി ടോവിങ് വെസ്സലായ വാട്ടർലില്ലിയുടെ സഹായത്തോടെയുള്ള സർവേയിലെ വിവരങ്ങൾ പരിശോധിക്കുന്നു. ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും.
കപ്പലിലെ ഇന്ധനടാങ്കുകളുടെ വാൽവുകളിലൂടെ ഉണ്ടായേക്കാവുന്ന ചോർച്ച തടയുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്.
ചോർച്ച വരാതെ ടാങ്കിൽ ദ്വാരമിടുന്ന പ്രത്യേക ഉപകരണം അടുത്തദിവസം സ്ഥാപിക്കും. അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പുചെയ്‌ത് ടാങ്കിലേക്ക് മാറ്റും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ധനം നീക്കൽ ജൂലൈ മൂന്നിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കപ്പൽ ടാങ്കിൽ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോ സൾഫർ ഹൈസ്‌പീഡ് ഡീസലാണ് ഇന്ധനം. വിഡിആർ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ഉടൻ തുടങ്ങും.
എണ്ണപ്പാട നീക്കൽ പുരോഗമിക്കുന്നു
പുറംകടലിൽ പരന്ന എണ്ണപ്പാടയും തീരത്തടിഞ്ഞ കണ്ടെയ്‌നറുകളും നീക്കുന്നത് പുരോഗമിക്കുകയാണ്. ടി ആൻഡ് ടി സാൽവേജ് കമ്പനിയുടെ നന്ദ് സാരഥി, ഓഫ്‌ഷോർ വാരിയർ എന്നീ ടഗ്ഗുകളുടെയും തീരസംരക്ഷണസേനയുടെ കപ്പലായ സമുദ്ര പ്രഹരിയുടെയും സഹായത്തോടെയാണിത്. 61
കണ്ടെയ്‌നറുകളിൽ 51 എണ്ണം കരയ്‌ക്കെത്തിച്ചു. ബാക്കിയുള്ളവയും ഉടൻ എത്തിക്കും. തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിലടിഞ്ഞ മാലിന്യവും ഇതോടൊപ്പം നീക്കുന്നുണ്ട്.









0 comments