അപകടത്തിൽ പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി

കട്ടപ്പന: ഉപ്പുതറയിൽ അപകടത്തിൽ പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞതായി റിപ്പോർട്ട്.ഉപ്പുതറ ആലടിയിൽ അപകടത്തിൽപെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങുകയായിരുന്നു. ആലടി സ്വദേശി സുരേഷ് ആണ് തലകീഴായി മറിഞ്ഞ കാറിൽനിന്ന് ഭാര്യ നവീനയെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നവീനയെ നാട്ടുകാർ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു.
രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. അമിത വേഗതയിൽ വന്ന കാർ വളവ് വീശിയതിനിടെ ഭർത്താവ് സുരേഷ് വണ്ടിയിൽ നിന്നും എടുത്ത് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.തുടർന്ന് നവീനയുമായി പോയ കാർ അപകടത്തിൽ പെടുകയായിരുന്നു. സുരേഷ് വണ്ടിയിൽ നിന്നും ചാടിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
സുരേഷിനെ കാണാനില്ല എന്ന വാർത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് അന്വേഷിച്ചപ്പോൾ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. അതേസമയം,പരിക്ക് ഗുരുതരമായ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആത്മഹത്യ ശ്രമമമാണ് നടന്നതെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വാഹനം അപകടത്തിലേക്ക് പോകുമ്പോൾ സുരേഷ് ചാടിയതാണ് സംശയമുണ്ടാക്കിയത്. മനപ്പൂർവം കാർ അപകടത്തിലാക്കിയതാണെന്നാണ് സംശയം ഉയരുന്നത്.









0 comments